
കണ്ണൂര്‍: പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. ഐശ്വര്യ കേരള യാത്രയ്ക്കിടെ തളിപ്പറമ്പില്‍ വച്ച് നടത്തിയ പൊതുപരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.
ശ്രീകണ്ഠാപുരം പൊലീസും കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യാത്ര ഇന്നലെ കണ്ണൂര്‍ ജില്ലയുടെ വിവിധ മേഖലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. പൊതുപരിപാടികളില്‍ വലിയ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.
ഡി സി സി പ്രസിഡന്റ് സതീശന് പാച്ചേനി ഉള്‍പ്പടെ 26 യു ഡി എഫ് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസ്. യുഡിഎഫ് നേതാക്കള്‍ക്ക് പുറമെ, കണ്ടാലറിയാവുന്ന നാന്നൂറോളം പ്രവര്‍ത്തകര്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. നടപടിയെ വിമര്‍ശിച്ച് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പ്രതിപക്ഷ നേതാവും രംഗത്തെത്തി. കോവിഡ് മാനദണ്ഡം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രം ബാധകമാണോയെന്ന് താരിഖ് അന്‍വറിന്റെ ചോദിച്ചു.