വിഷബാധയേറ്റ 
റഷ്യൻ പ്രതിപക്ഷ നേതാവിനെ
ജർമ്മനിയിലേക്ക് മാറ്റി
Top News

വിഷബാധയേറ്റ റഷ്യൻ പ്രതിപക്ഷ നേതാവിനെ ജർമ്മനിയിലേക്ക് മാറ്റി

ജർമ്മനിയിൽ നിന്ന് സൈബീരിയയിലെത്തിയ എയർമെഡിക്കൽ ആംബുലൻസിലാണ് കൊണ്ടുപോയത്.

News Desk

News Desk

മോസ്കോ: വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള റഷ്യൻ പ്രതിപക്ഷ പാർട്ടി നേതാവ് അലക്സി നവാൽനിയെ വിദ്ഗ്ദ്ധ ചികിത്സയ്ക്കായ് ഇന്ന് ജർമ്മനിയിലേക്ക് കൊണ്ടുപോയതായി എപി റിപ്പോർട്ട് ചെയ്യുന്നു. ജർമ്മനിയിൽ നിന്ന് സൈബീരിയയിലെത്തിയ എയർമെഡിക്കൽ ആംബുലൻസിലാണ് അതീവ ഗുരുതരാവസ്ഥയിലുള്ള നവാൽനിയെ കൊണ്ടുപോയത്.

നവാൽനിയെ വഹിച്ചുള്ള വിമാനം പ്രാദേശിക സമയം രാവിലെ എട്ടിന് സൈബരിയയിൽ നിന്ന് ജർമ്മിനിയിലേക്ക് പറന്നതായി നവാല്‍നിയുടെ വക്താവ് കിര യര്‍മിഷ് ട്വിറ്റ് ചെയ്തു.

തുടക്കം മുതൽ തന്നെ വിദ്ഗ്ദ്ധ ചികിത്സയ്ക്കായ് നവാൽനിയെ ജർമ്മനിയിലേക്ക് കൊണ്ടുപോകണമെന്നാവശ്യം നവാൽനിയുടെ സംഘടനയും കുടുംബവും ആവശ്യപ്പെട്ടിരുന്നു. പക്ഷേ ക്രംലിൻ അത് വകവയ്ക്കാൻ തയ്യാറായിരുന്നില്ല. എന്നാലിപ്പോൾ അനുമതി നൽകിയതിനു പിന്നിലെ പുടിൻ സംഘത്തിൻ്റെ ഗൂഢലക്ഷ്യവും നവാൽനിയുടെ അനുയായികൾ ഉയർത്തികാണിക്കുന്നു. ശരീരം മുഴുവൻ വിഷം വ്യാപിക്കുന്നതിനായി കാത്തു നിന്നതിനു ശേഷമാണ് ജർമ്മനിയിലേക്ക് മാറ്റുവാനുള്ള അനുമതി ക്രംലിൻ നൽകിയതെന്ന ആക്ഷേപത്തിലാണ് ഇപ്പോൾ നവാൽനിയുടെ അനുയായികൾ.

ആഗസ്ത് 19 ന് സൈബീരിയയിലെ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ് 44 കാരനായ നവാല്‍നിയുടെ ആരോഗ്യവസ്ഥ പൊടുന്നനെ വഷളായത്. വിമാനം ഓംസ്‌കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. തുടര്‍ന്ന് സൈബീരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നവാല്‍നിയുടെ വക്താവ് കിര യര്‍മിഷ് ട്വിറ്റ് ചെയ്തിരുന്നു.

ആഗസ്ത് 19 പുലര്‍ച്ചെ (റഷ്യന്‍ സമയം ) വിമാനത്തില്‍ കയറുന്നതിന് മുമ്പ് എയര്‍പോര്‍ട്ട് കഫേയില്‍ നിന്ന് ചായ കുടിച്ചിരുന്നു. ആ ചായയില്‍ നിന്ന വിഷബാധയേറ്റിട്ടുണ്ടാകാമെന്ന സംശയം നവാല്‍നിയുടെ വക്താവ് കിര യര്‍മിഷ് എക്കോ മോസ്‌ക്വി റേഡിയോ സ്റ്റേഷനോട് പ്രകടിപ്പിച്ചിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മുഖ്യ രാഷ്ട്രിയ പ്രതിയോഗിയാണ് നവാല്‍നി. നവാല്‍നിക്ക് വിഷബാധയേറ്റതിനു പിന്നില്‍ പുടിന്‍ സംഘത്തിന് പങ്കുണ്ടെന്ന ശക്തമായ ആക്ഷേപം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

സംഭവത്തില്‍ ലോകനേതാക്കള്‍ ആശങ്ക രേഖപ്പെടുത്തുന്നത് തുടരുകയാണ്.ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബും ഐക്യരാഷ്ട്രസഭയും നവാല്‍നിക്ക് എന്ത് സംഭവിച്ചുവെന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് മക്രോണി, ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ ആഞ്ചലേ തുടങ്ങിയവരും ആശങ്ക രേഖപ്പെടുത്തി. സമ്പൂര്‍ണ്ണവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com