രാജ്യത്ത് കോവിഡ് ആശങ്കാജനകം; പരിശോധനയും ചികിത്സയും കാര്യക്ഷമമാക്കണം: പ്രധാനമന്ത്രി

കോവിഡ് ഫലപ്രദമായി തടയുന്നതിനായി രാജ്യത്ത് മെെക്രോ സോണുകള്‍ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു
രാജ്യത്ത് കോവിഡ് ആശങ്കാജനകം; പരിശോധനയും ചികിത്സയും കാര്യക്ഷമമാക്കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ ആശങ്കാജനകമായ സാഹചര്യം നിലനില്‍ക്കുന്നു. കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ബോധവത്ക്കരണം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ രോഗലക്ഷണം കാണിക്കാത്ത രോഗികളാണ് കൂടുതൽ. ജനങ്ങളില്‍ ചിലര്‍ക്ക് രോഗ വ്യാപനത്തിന്‍റെ ഗൗരവം മനസ്സിലായിട്ടില്ല. മാസ്ക്, സാമൂഹിക അകലം, ശുചിത്വം, നീരീക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരണം നടത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചു.

മാസ്‌ക് ധരിക്കുക എന്നത് ഒരു ശീലമാക്കാന്‍ അല്‍പം പ്രയാസമാണ്. എന്നാല്‍, മാസ്‌ക് ധിരിക്കുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കില്ല. ഈ ദുരിത സമയത്തുപോലും ലോകത്തെമ്പാടും ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും തടസ്സമില്ലാതെ മരുന്നുകള്‍ എത്തിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

കോവിഡ് ഫലപ്രദമായി തടയുന്നതിനായി രാജ്യത്ത് മെെക്രോ സോണുകള്‍ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്,കര്‍ണാടക,ഉത്തര്‍പ്രദേശ്,തമിഴ്നാട്,ഡല്‍ഹി,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നത്.രാജ്യത്ത് സ്ഥിരീകരിച്ച 63 ശതമാനം കൊവിഡ് കേസുകളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അമേരിക്ക കഴിഞ്ഞാല്‍ രോഗബാധ ഏറ്റവും രൂക്ഷമായ രാജ്യമാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയില്‍ 56 ലക്ഷം കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് ബാധിച്ച് 90,000ല്‍ അധികം മരണമാണ് ഇന്ത്യയില്‍ ഇതുവരെ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,527 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Related Stories

Anweshanam
www.anweshanam.com