കേരളത്തിലെ സഭാ തർക്കം തീർക്കാൻ പ്രധാനമന്ത്രി ഇടപെടും

സഭാ അധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് ശ്രീധരന്‍ പിള്ള നല്‍കുന്ന സൂചന
കേരളത്തിലെ സഭാ തർക്കം തീർക്കാൻ പ്രധാനമന്ത്രി ഇടപെടും

ന്യൂഡൽഹി: കേരളത്തിലെ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് മിസ്സോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള. ക്രിസ്തുമസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് ശ്രീധരന്‍ പിള്ള നല്‍കുന്ന സൂചന. കേരളത്തിലെ ഓര്‍ത്തഡോക്സ് -യാക്കോബായ സഭ തർക്കത്തിലാണ് പ്രധാനമന്ത്രി ഇടപെടുക.

വിവിധ പരാതികള്‍ ഉന്നയിച്ച്‌ കേരളത്തിലെ സഭാ നേതൃത്വങ്ങള്‍ നല്‍കിയ നിവേദനം ശ്രീധരന്‍ പിള്ള പ്രധാനമന്ത്രിയെ നേരില്‍ കണ്ട് കൈമാറി. കേരളത്തിലെ ഓര്‍ത്തഡോക്സ് -യാക്കോബായ സഭ തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള പ്രധാനമന്ത്രിയെ കണ്ട് ധരിപ്പിച്ചു. ഇതില്‍ വൈകാതെ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ശ്രീധരന്‍ പിള്ള പറഞ്ഞു.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്, ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസ‍ര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് വിവിധ സഭകളുടെ ആവശ്യം. ഈ സാഹചര്യത്തില്‍ മിസ്സോറാം ഗവര്‍ണര്‍ വഴി ക്രൈസ്തവ സഭ നേതൃത്വം പ്രധാനമന്ത്രിക്ക് നിവേദനം കൈമാറി.

കേരളത്തിലെ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ക്രിസ്തുമസിന് ശേഷം മോദി വിവിധ സഭാ അധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. ക്രൈസ്തവ വിഭാഗത്തെ നേരത്തെ ബിജെപിയുമായി അടുപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നീക്കം വീണ്ടും തുടങ്ങുന്നതിന്‍റെ ഭാഗം കൂടിയാണ് ശ്രീധരന്‍പിള്ളയുടെ സന്ദര്‍ശനം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com