'ആക്രമണത്തിനുള‌ള ശ്രമം വീണ്ടും തകര്‍ത്തു'; നഗ്രോത ഏ‌റ്റുമുട്ടലില്‍ സൈന്യത്തെ അഭിനന്ദിച്ച്‌ മോദി

വ്യാഴാഴ്‌ച നടന്ന ആക്രമണത്തില്‍ പതിനൊന്ന് എ.കെ-47 തോക്കുകളും മൂന്ന് പിസ്‌റ്റളുകളും 29 ഗ്രനേഡുകളും പിടിച്ചെടുത്തു
'ആക്രമണത്തിനുള‌ള ശ്രമം വീണ്ടും തകര്‍ത്തു'; നഗ്രോത ഏ‌റ്റുമുട്ടലില്‍ സൈന്യത്തെ അഭിനന്ദിച്ച്‌ മോദി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്ബായി വമ്ബന്‍ ആക്രമണം അഴിച്ചുവിടാന്‍ പദ്ധതിയിട്ടെത്തിയ ഭീകരരെയാണു സൈന്യം വധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതിനു പിന്നാലെ പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

'പാകിസ്ഥാന്‍ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദില്‍ അംഗമായ നാല് തീവ്രവാദികളെ അമര്‍ച്ച ചെയ്യുകയും അവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചെടുക്കുകയും ചെയ്‌ത സൈന്യത്തിന്റെ നടപടി കാരണം വലിയ ആക്രമണത്തിനുള‌ള പദ്ധതിയാണ് തകര്‍ക്കപ്പെട്ടത്.' പ്രധാനമന്ത്രി ട്വി‌റ്ററില്‍ കുറിച്ചു.

വ്യാഴാഴ്‌ച നടന്ന ആക്രമണത്തില്‍ പതിനൊന്ന് എ.കെ-47 തോക്കുകളും മൂന്ന് പിസ്‌റ്റളുകളും 29 ഗ്രനേഡുകളും പിടിച്ചെടുത്തു.

ഇന്ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്‌ള എന്നിവരും മുഖ്യ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പങ്കെടുത്തു. നഗ്രോത ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. സൈന്യം വധിച്ച നാല് ഭീകരരും മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 26ന് ശക്തമായ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com