
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപക ലോക് ഡൗണ്‍ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ ഇനി സാമ്ബത്തിക മേഖലക്ക് താങ്ങാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഒാണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രില്‍ 11 (ഞായര്‍) മുതല്‍ 14 (ബുധന്‍) വരെ വാക്സിന് ഉത്സവമായി ആഘോഷിക്കും. കോവിഡ് നിര്‍ണയ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണം. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കോവിഡ് നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ൻറ്മെൻറ് സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകൾ കൂട്ടണം. രോഗികളിൽ ലക്ഷണങ്ങൾ കാണാത്തത് രണ്ടാം തരംഗത്തിൽ വലിയ വെല്ലുവിളിയാണ്.
യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണ നടപടികൾ തുടങ്ങണം. വാക്സിനേഷൻ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആർടിപിസിആർ പരിശോധന കൂട്ടുമ്പോൾ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണം.
കണ്ടെയ്ൻ്റ്മെൻറ് സോണുകളിൽ ആദ്യം പരിശോധന കൂട്ടുക. സമ്പർക്ക പട്ടിക 72 മണിക്കൂറിനുള്ളിൽ തയ്യാറാക്കുക. സമ്പർക്ക പട്ടികയിലുള്ളവരെയും പരിശോധിക്കുക. സമ്പർക്ക പട്ടിക തയ്യാറാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക. മരണ നിരക്കെങ്കിലും കുറയ്ക്കാനാകണം. 70 ശതമാനം പേരിലെങ്കിലും ആർടി പി സി ആർ പരിശോധന നടത്തണം. രാജ്യവ്യാപക ലോക്ക് ഡൗൺ പരിഹാരമല്ല.
രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ കൊറോണ വൈറസിനെ കുറിച്ച് ജാഗ്രത തുടരാന്‍ 'കൊറോണ കര്‍ഫ്യൂ' എന്ന പദം ഉപയോഗിക്കണം. രാത്രി 9 മുതല്‍ രാവിലെ 5 വരെയോ രാത്രി 10 മുതല്‍ രാവിലെ 6 വരെയോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതാണ് ഗുണകരമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.