ഇന്ത്യ കൃത്യസമയത്ത് ശരിയായ തീരുമാനങ്ങളെടുത്തു; കോവിഡ് പ്രതിരോധത്തിൽ ഏറെ മുന്നിൽ: പ്രധാനമന്ത്രി

വൈറസ് മുക്തരായവരുടെ ആകെ എണ്ണം 10 ലക്ഷത്തിലെത്താറായെന്നും പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യ കൃത്യസമയത്ത് ശരിയായ തീരുമാനങ്ങളെടുത്തു; കോവിഡ് പ്രതിരോധത്തിൽ ഏറെ മുന്നിൽ: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൃത്യസമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുത്തതിനാല്‍ കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മറ്റുരാജ്യങ്ങളെക്കാള്‍ മികച്ച നിലയിലെത്താന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ, കൊല്‍ക്കത്ത, നോയ്ഡ എന്നിവിടങ്ങളിലെ കോവിഡ് ടെസ്റ്റിങ് ലാബുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അവകാശപ്പെട്ടത്.

കോവിഡ് മരണനിരക്കില്‍ മറ്റു രാജ്യങ്ങളെക്കാൾ താഴ്ന നിലയിലാണ് ഇന്ത്യ. രോഗമുക്തിനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. ഇതു ദിനംപ്രതി മെച്ചപ്പെടുന്നുണ്ട്. വൈറസ് മുക്തരായവരുടെ ആകെ എണ്ണം 10 ലക്ഷത്തിലെത്താറായെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് മൂന്നിടങ്ങളിലെ ഹൈ ത്രൂപുട്ട് കോവിഡ് പരിശോധനാ സംവിധാനങ്ങള്‍ക്കാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തുടക്കം കുറിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കൊല്‍ക്കത്ത, മുംബൈ, നോയ്ഡ എന്നിവിടങ്ങളിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് ഈ സംവിധാനങ്ങള്‍. അത്യാധുനിക ഹൈടെക് പരിശോധനാ സംവിധാനം മൂന്നു നഗരങ്ങളിലും ഓരോ ദിവസത്തെയും പരിശോധനാ ശേഷി പതിനായിരത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നത് രോഗം നേരത്തേ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും സഹായിക്കും. അതു വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനു കരുത്തേകും. ഈ ലാബുകള്‍ കോവിഡ് പരിശോധനയ്ക്കു മാത്രമായി പരിമിതപ്പെടുത്തില്ലെന്നും ഭാവിയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി, ഡെങ്കി, മറ്റ് നിരവധി രോഗങ്ങള്‍ എന്നിവയുടെ പരിശോധനയ്ക്കും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ പിപിഇ കിറ്റുകളുടെയും ടെസ്റ്റ് കിറ്റുകളുടെയും നിര്‍മാണം വലിയ വിജയഗാഥയാണ്. ഒരു ഘട്ടത്തില്‍ രാജ്യത്ത് ഒരു പിപിഇ കിറ്റുപോലും നിര്‍മിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് പിപിഇ കിറ്റുകളുടെ നിര്‍മാണത്തില്‍ ലോകത്തുതന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആറ് മാസത്തിനിടയില്‍ 1200ല്‍ അധികം നിര്‍മാതാക്കളാണ് പിപിഇ കിറ്റ് നിര്‍മാണം തുടങ്ങിയത്. മൂന്ന് ലക്ഷത്തിലധികം എന്‍ 95 മാസ്‌കുകള്‍ രാജ്യത്ത് നിര്‍മിച്ചു. ഓരോ വര്‍ഷവും മൂന്ന് ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ന് നമുക്കുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14,35,453 ആയി ഉയര്‍ന്നിരുന്നു. 9,17,568 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com