നിതീഷിനെ പുകഴ്ത്തി ബിഹാറിൽ മോദി

പുൽവാമയും ഗൽവാനും ഉയർത്തിക്കാട്ടി, കോവിഡിൽ ഊന്നിയായിരുന്നു മോദിയുടെ പ്രസംഗം.
നിതീഷിനെ പുകഴ്ത്തി ബിഹാറിൽ മോദി

പട്ന: ബിഹാർ എന്ന നാടിനെ 'ബിമാരു' (അസുഖബാധിതം) ആക്കാൻ ശ്രമിച്ചവർക്കായി വോട്ട് ചെയ്യേണ്ടെന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞുവെന്ന് ബിഹാറിലെ സസാറാമിൽ നടത്തിയ ആദ്യതെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമയും ഗൽവാനും ഉയർത്തിക്കാട്ടി, കോവിഡിൽ ഊന്നിയായിരുന്നു മോദിയുടെ പ്രസംഗം- ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും ഇന്ന് ബിഹാറിൽ തെരഞ്ഞെടുപ്പ് റാലി നടത്താനിരിക്കെ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂട് ഉയരുകയാണ്. മൂന്ന് റാലികളില്‍ പ്രധാനമന്ത്രിയും, രണ്ട് റാലികളില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.

സസാറാമിലെ ബിയാഡ മൈദാനിൽ നടക്കുന്ന റാലിയിൽ ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും പങ്കെടുക്കുന്നുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിലും നിരവധിപ്പേരാണ് തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായത്.

കേന്ദ്രത്തിൽ സഖ്യകക്ഷിയാണെങ്കിലും ബിഹാറിൽ ഉടക്കി നിൽക്കുന്ന എൽജെപിയുടെ നേതാവും അന്തരിച്ച കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന് ആദരാഞ്ജലികൾ അർപ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന, ഈയിടെ അന്തരിച്ച രഘുവംശപ്രസാദിനും മോദി ആദരാഞ്ജലികൾ നേർന്നു.

കോവിഡിനെ ബിഹാറിലെ ജനങ്ങൾ നേരിട്ട മാതൃക അനുകരണീയമാണെന്നും, അഭിനന്ദനാർഹമാണെന്നും മോദി പറഞ്ഞു. നിതീഷ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ്, സംസ്ഥാനത്ത് കോവിഡ് പിടിച്ചുനിർത്താനായത്. അതിന് സംസ്ഥാനസർക്കാർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു - മോദി പറഞ്ഞു.

ഗൽവാൻ താഴ‍്‍വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിലും, പുൽവാമ ഭീകരാക്രമണത്തിലും വീരമൃത്യു വരിച്ച ബിഹാർ സ്വദേശികളായ സൈനികർക്കും മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

അതിർത്തിയിലേക്ക് സ്വന്തം പുത്രൻമാരെയും പുത്രിമാരെയും പോരാടാൻ അയച്ചവരാണ് ബിഹാറുകാർ. കശ്മീരിന്‍റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ സർക്കാരാണിത്. ഇപ്പോൾ ഞങ്ങൾക്കെതിരെ നിൽക്കുന്നവർ അധികാരത്തിൽ വന്നാൽ കശ്മീരിന് പ്രത്യേകാധികാരം തിരികെ നൽകുമെന്നാണ് പറയുന്നത്. എന്ത് ധൈര്യത്തിലാണ് അവർ ഇവിടെ വന്ന് വോട്ട് ചോദിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

ഇടനിലക്കാരിൽ നിന്ന് കർഷകച്ചന്തകളെ രക്ഷിക്കാനാണ്, കർഷകനിയമം സർക്കാർ പാസ്സാക്കിയതെന്ന് മോദി പറഞ്ഞു. ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചതിനെ പല രീതിയിൽ പ്രതിപക്ഷം തടസ്സപ്പെടുത്തിയെന്നും മോദി ആരോപിച്ചു. ഫാൽ വിമാനങ്ങൾ വാങ്ങിയപ്പോൾ ഇടനിലക്കാരുടെയും അട്ടിമറിക്കാരുടെയും ഭാഷയിലാണ് പ്രതിപക്ഷം സംസാരിച്ചതെന്നും മോദി തുറന്നടിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com