കോവിഡ് മുക്തരാകുന്നവരുടെ നിരക്കില്‍ ലോകത്ത് തന്നെ ഇന്ത്യ ഏറെ മുന്നില്‍; യുഎൻ സമിതിയിൽ മോദി
Top News

കോവിഡ് മുക്തരാകുന്നവരുടെ നിരക്കില്‍ ലോകത്ത് തന്നെ ഇന്ത്യ ഏറെ മുന്നില്‍; യുഎൻ സമിതിയിൽ മോദി

ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക സമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

By News Desk

Published on :

ന്യൂഡല്‍ഹി: കോവിഡില്‍ നിന്ന് മുക്തരാകുന്നവരുടെ നിരക്കില്‍ ലോകത്ത് തന്നെ ഇന്ത്യ ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പോരാട്ടത്തില്‍ 150 രാജ്യങ്ങളിലേക്ക് തങ്ങള്‍ വൈദ്യസഹായവും മറ്റു സഹായങ്ങളും നല്‍കി. ഇന്ത്യയില്‍ കോവിഡിനെതിരായ പോരാട്ടത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാന്‍ ശ്രമിച്ചു. സര്‍ക്കാരുകളുടേയും പൗരസമൂഹത്തിന്റേയും ശ്രമങ്ങള്‍ സംയോജിപ്പിച്ച് എല്ലാ രാജ്യങ്ങളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരീക്ഷിച്ചുവെന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക സമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആരോ​ഗ്യമേഖലയുടെ താഴേത്തട്ടിൽ നിന്ന് മുതലുള്ള കൃത്യമായ പ്രവർത്തവും കഠിനാധ്വാനവുമാണ് കോവിഡ് പ്രതിരോധത്തിൽ മുന്നേറാൻ ഇന്ത്യയെ സഹായിച്ചതെന്ന് മോദി പറഞ്ഞു. രോ​ഗമുക്തി നിരക്കിൽ ലോകരാജ്യങ്ങളിൽ മികച്ച നിലയിലെത്താൻ ഇന്ത്യക്കു കഴിഞ്ഞു. ഭൂകമ്പങ്ങളാകട്ടെ ചുഴലിക്കാറ്റാവട്ടെ എബോള പ്രതിസന്ധിയാവട്ടെ, പ്രകൃത്യാലുള്ളതും മനുഷ്യനിർമ്മിതവുമായ എല്ലാ പ്രതിസന്ധികളുമാവട്ടെ വളരെ വേ​ഗത്തിലും കൃത്യതയിലും ഐക്യത്തോടെയും പ്രതിപ്രവർത്തിക്കാൻ ഇന്ത്യക്കു കഴിയുന്നു. എല്ലാവർക്കുമൊപ്പം,എല്ലാവരുടെയും വളർച്ചക്കൊപ്പം, എല്ലാവരുടെയും വിശ്വാസത്തിനൊപ്പം എന്നതാണ് ഇന്ത്യയുടെ മുദ്രാവാക്യം. അതുകൊണ്ട് തന്നെ രാജ്യത്ത് എല്ലാവരും ഒപ്പം മുന്നേറുകയാണ്, ആരെയും പിന്നിലാക്കുന്നില്ല എന്നും മോദി പറഞ്ഞു.

'മറ്റു വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വികസന പരിപാടികളുടെ വിജയങ്ങളില്‍നിന്ന് പഠിക്കാനാകും. കൂട്ടായ പരിശ്രമവും സമഗ്ര വളര്‍ച്ചയുമെന്ന തത്വമാണ് ഞങ്ങള്‍ പിന്തുടരുന്നത്. ലോകജനതയുടെ ആറിലൊന്ന് ഇന്ത്യയിലാണ്. ഞങ്ങളുടെ ഭാരത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഞങ്ങള്‍ ശ്രദ്ധാലുവാണ്. വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ വിജയിക്കുമ്ബോള്‍ ആഗോള ലക്ഷ്യം കൈവരിക്കുന്നതിലുള്ള മുന്നേറ്റമായി അത് മാറും.'- പ്രധാനമന്ത്രി പറഞ്ഞു.

2022 ആകുമ്പോഴേക്കും ഓരോ ഇന്ത്യക്കാരനും പാര്‍പ്പിടം ഉണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2022 ഓടെ ഓരോ ഇന്ത്യക്കാരനും അവരുടെ തലയ്ക്ക് മുകളില്‍ സുരക്ഷിതവും ഭദ്രവുമായ മേല്‍ക്കൂരയുണ്ടാകുമെന്ന് ഞങ്ങളുടെ 'എല്ലാവര്‍ക്കും പാര്‍പ്പിടം' പദ്ധതി ഉറപ്പാക്കും', പ്രധാനമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com