
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. ഇത് രണ്ടാം തവണയാണ് കോവിഡില്‍ സര്‍വ്വ കക്ഷി യോഗം വിളിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തേക്കും.
കോവിഡ് വാക്സിന് വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. 10 എംപിമാരില്‍ കൂടുതലുള്ള പാര്‍ട്ടികള്‍ക്കു മാത്രമേ യോഗത്തില്‍ സംസാരിക്കാന്‍ അനുമതിയുള്ളൂ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത രണ്ടാമത്തെ സര്‍വ്വകക്ഷിയോഗമാണിത്.
വാക്സിന് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി രാജ്യത്തെ വിവിധ ലാബുകളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് സര്‍വ്വകക്ഷി യോഗം ചേരുന്നത്.
അതിര്‍ത്തിയിലെ ചൈനീസ് സംഘര്‍ഷം, കോവിഡ് പ്രതിസന്ധി കര്‍ഷക പ്രതിഷേധം തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഉടന്‍ വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. എന്നാൽ കോവിഡ് ഇതര വിഷയങ്ങൾ ഇന്ന് ചർച്ച ചെയ്യാൻ സാധ്യത കുറവാണ്.