
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്നാട് ) എന്നിവർക്കൊപ്പം ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നൽകിയത്.
ഇനി നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്നോ വേങ്ങരയില്‍നിന്നോ നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടി ജനവിധി തേടുമെന്നാണ് സൂചന. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജിയെന്നും ഇനി കേരള രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കുക കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും. യുഡിഎഫ് ഘടകക്ഷികൾക്കിടയിലെ സ്വീകാര്യതയും സ്വാധീനവും പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതെന്നാണ് വിശദീകരണം.
നിയമസഭാംഗം ആയിരിക്കെ 2017-ല്‍ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2019ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയായാണ് അദ്ദേഹം എംപി സ്ഥാനം രാജിവെച്ചിരിക്കുന്നത്.
മുസ്ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസമദ് സമദാനിക്കാണ് കുഞ്ഞാലിക്കുട്ടി പകരം പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്‍ഗണന. സിറാജ് സേട്ട്, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ശംസുദ്ദീന്‍, വേങ്ങര എം.എല്‍.എ കെ.എന്‍.എ. ഖാദര്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എങ്കിലും പാര്‍ലമെന്റിലെ മുന്‍പരിചയം സമദാനിക്ക് തുണയായേക്കും.