ബിനീഷ് മണി എക്സ്ചേഞ്ച് തുടങ്ങിയതിനെ കുറിച്ച്‌ അന്വേഷിക്കണം: കൂടുതൽ ആരോപണങ്ങളുമായി പി കെ ഫിറോസ്
മയക്കു മരുന്ന് കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്

കോഴിക്കോട്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. 2015 ല്‍ ബെഗളൂരുവില്‍ ബിനീഷ് മണി എക്സ്ചേഞ്ച് തുടങ്ങിയതിനെ കുറിച്ച്‌ അന്വേഷിക്കണം. ബിജെപി ഭരണകാലത്ത് ഇതിന് എങ്ങിനെയാണ് ലൈസന്‍സ് ലഭിച്ചത്? ഏതൊക്കെ കറന്‍സികള്‍ വിനിമയം നടത്തിയെന്നും ഫിറോസ് ചോദിച്ചു.

ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണം എന്ന് പറഞ്ഞ ഫിറോസ് തെളിവുകള്‍ ഇഡിക്ക് കൈമാറുമെന്നും വ്യക്തമാക്കി. 2018ല്‍ തുടങ്ങിയ യുഎഎഫ്‌എക്സ് സൊല്യൂഷന്‍സ് പാര്‍ട്നര്‍ ബിനീഷിന്റെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. യുഎഎഫ്‌എക്സ് സൊല്യൂഷന്‍സ് ഒറ്റത്തവണയും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. യുഎഎഫ്‌എക്സ് സൊല്യൂഷന്‍സാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷന്‍ നല്‍കിയതെന്ന് സ്വപ്ന കസ്റ്റംസിനു മൊഴി നല്‍കിയതാണ്.

ഈ ഇടപാടില്‍ ബിനീഷിന്റെ പങ്ക് അന്വേഷിക്കണം. ബിനീഷ് ഉപയോഗിക്കുന്ന കാറുകളില്‍ ഒന്ന് ലത്തീഫിന്റെ സഹോദരന്റെ കാറാണെന്നും ഫിറോസ് ആരോപിച്ചു. മയക്കു മരുന്ന് കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലേക്ക് വരുന്ന മയക്കുമരുന്ന് ലോബിയുടെ അടിവേരറുക്കാനുള്ള ഈ സാഹചര്യം സര്‍ക്കാര്‍ ഉപയോഗിക്കണം.

കര്‍ണാടക അന്വേഷണ ഏജന്‍സി കേരളത്തിലേക്ക് വരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. ആര് ആരുടെ ഒക്കച്ചങ്ങായിയാണെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രവും സംസ്ഥാനവും ഭായി ഭായി ബന്ധത്തിലാണ്. മയക്കുമരുന്ന് വിവാദം വഴി തിരിച്ച്‌ വിടാനാണോ ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നതെന്ന് യൂത്ത് ലീഗ് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മയക്കു മരുന്ന് കേസില്‍ പിടിയിലായ കോക്കാച്ചി മിഥുന്‍ എന്ന സിനിമ നടന്റെ കോള്‍ ലിസ്റ്റില്‍ ബിനീഷിന്റെ പേരുണ്ടായിരുന്നു, അതോടെ അന്വേഷണമവസാനിപ്പിച്ചു. യുഎഎഫ്‌എക്സ് സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെ യൂത്ത് ലീഗ് ആദ്യ ഘട്ടത്തില്‍ ഇതിലേക്ക് വലിച്ചിഴച്ചില്ല. പക്ഷേ പാര്‍ട്ടിയുടെ പങ്ക് ഇപ്പോള്‍ വ്യക്തമാണ്. ബിനീഷിനെ സിപിഎം സംരക്ഷിക്കുന്നു. മക്കള്‍ ചെയ്യുന്ന തെറ്റ് മറക്കാന്‍ സിപിഎം കേരളത്തെ വില്‍പ്പനക്ക് വെക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു.

Related Stories

Anweshanam
www.anweshanam.com