പാര്‍ട്ടി ചിഹ്നവും പേരും മുഴുവന്‍ തേങ്ങ കിട്ടിയ പോലെ; ജോസ് കെ മാണിയെ പരിഹസിച്ച്‌ പി ജെ ജോസഫ്

ചിഹ്നവും പേരും അനുവദിക്കാന്‍ നിലവില്‍ ആര്‍ക്കും സാധിക്കില്ലെന്നും പാര്‍ട്ടിക്ക് ചെയര്‍മാന്‍ ഇല്ലെന്നും ജോസഫ് പറഞ്ഞു.
പാര്‍ട്ടി ചിഹ്നവും പേരും  മുഴുവന്‍ തേങ്ങ കിട്ടിയ പോലെ; ജോസ് കെ മാണിയെ പരിഹസിച്ച്‌ പി ജെ ജോസഫ്

ഇടുക്കി: ജോസ് കെ.മാണിയെ രൂക്ഷമായി പരിഹസിച്ച്‌ പി.ജെ.ജോസഫ്. പാര്‍ട്ടി ചിഹ്നവും പേരും ജോസ് കെ.മാണിക്ക് മുഴുവന്‍ തേങ്ങ കിട്ടിയ പോലെയാണെന്ന് പി.ജെ.ജോസഫ് എംഎല്‍എ. ചിഹ്നവും പേരും അനുവദിക്കാന്‍ നിലവില്‍ ആര്‍ക്കും സാധിക്കില്ലെന്നും പാര്‍ട്ടിക്ക് ചെയര്‍മാന്‍ ഇല്ലെന്നും ജോസഫ് പറഞ്ഞു.

കോടതി വിധി പ്രകാരം ജോസ് കെ.മാണിക്ക് ചെയര്‍മാനായി തുടരാനോ പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനോ സാധിക്കില്ല. കോട്ടയത്ത് നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണെന്നും പി.ജെ.ജോസഫ് പറഞ്ഞു. കുട്ടനാട് ഉപതിരഞ്ഞെടുപ്പിനായി എട്ടാം തിയതി യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് പറഞ്ഞു. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിനു നല്‍കാന്‍ യുഡിഎഫില്‍ ധാരണയായിട്ടുണ്ട്.

അതേസമയം, കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം എല്‍ഡിഎഫിലേക്ക് തന്നെയെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ജോസ് കെ.മാണി വിഭാഗത്തെ തള്ളാതെ പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെ എല്‍ഡിഎഫിലേക്ക് പോകുന്നതാണ് ഉത്തമമെന്ന തീരുമാനം ജോസ് കെ.മാണി വിഭാഗത്തിനുണ്ട്. ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടതുമുന്നണി പ്രവേശത്തിന്റെ ഭാഗമായാണ് രാജ്യസഭാംഗത്വം രാജിവയ്‌ക്കുന്ന കാര്യം ആലോചിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവ അടുത്തിരിക്കെ ഉടന്‍ തന്നെ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാനാണ് ജോസ് കെ.മാണി വിഭാഗം ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് ജോസ് കെ.മാണിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ജോസ് കെ.മാണിക്കെതിരെ പരസ്യ യുദ്ധവുമായി ജോസഫ് പക്ഷം നില്‍ക്കുന്നു. കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ താന്‍ തന്നെയാണെന്ന് പി.ജെ.ജോസഫ് പറഞ്ഞിരുന്നു. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ റിട്ട് നല്‍കുമെന്ന് വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് വിശ്വാസമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ.മാണിയുമായി ഒരിക്കലും ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. "നിരന്തരമായി വാഗ്‌ദാനങ്ങള്‍ ലംഘിക്കുന്ന, കരാറുകള്‍ പാലിക്കാത്ത ഒരാളുമായി സഹകരിച്ചുപോകാന്‍ പറ്റില്ല," ജോസഫ് പറഞ്ഞു. അര്‍ഹതയില്ലാത്തവര്‍ക്ക് യുഡിഎഫില്‍ തുടരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com