
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പെരുമാറ്റചട്ട ലംഘനമെന്ന് യുഡിഎഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്സിന് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. 'എത്ര കണ്ട് വാക്സിന് ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്, കേരളത്തില്‍ നല്കുന്ന വാക്സിന് സൗജന്യമായിട്ടായിരിക്കും. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുണ്ട്. അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന നാല് ജില്ലകളില്‍ പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ പുറത്ത് വന്നത്. ഇത് ജില്ലകളിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷ ആരോപണം.