പെരുന്നാള്‍ നമസ്‌കാരത്തിന്‌ 100 പേരില്‍ അധികം പാടില്ല;ആഘോഷം നടക്കുക കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

മുസ്ലീം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബലിപെരുന്നാള്‍ ആഘോഷത്തിന് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്
പെരുന്നാള്‍ നമസ്‌കാരത്തിന്‌ 100 പേരില്‍ അധികം പാടില്ല;ആഘോഷം നടക്കുക കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഘോഷം നടക്കുക കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബലിപെരുന്നാള്‍ ആഘോഷത്തിന് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. കോവിഡ് ഭീഷണി ഗുരുതരമായി ഉയര്‍ന്നുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ അഭ്യര്‍ഥിച്ചുവെന്നും എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താമെന്ന നിര്‍ദേശം യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവെച്ചു. ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ നടത്തുകയുള്ളൂ എന്ന് അവര്‍ ഉറപ്പ് നല്‍കി. പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതനമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കും.

പെരുന്നാള്‍ നമസ്‍ക്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്താമെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം. പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല.

സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. പരമാവധി നൂറുപേര്‍, അതില്‍ അധികം ആളുകള്‍ പാടില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ബലികര്‍മ്മവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നടത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനും ധാരണായിട്ടുണ്ട്. ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയുണ്ടാകണം. നേരത്തെ തുറക്കാതിരുന്ന പള്ളികളില്‍ അതേനില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com