കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനം നല്‍കിയ മറുപടി: മുഖ്യമന്ത്രി

കേരളത്തിലുണ്ടായത് ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്
കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനം നല്‍കിയ മറുപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് തരംഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലുണ്ടായത് ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്. കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ സംഘടിതമായി നടത്തിയ നുണപ്രചാരണങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിലൂടെ കേരളീയര്‍ ഉചിതമായ മറുപടി നല്‍കി. യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാവുന്നു. ബിജെപിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ കൂടി തകര്‍ന്നടിഞ്ഞു. എന്തെല്ലാം അവകാശവാദങ്ങളാണ് അവരുയര്‍ത്തിയത്. അതുപോലെ വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്നും ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു - മുഖ്യമന്ത്രി പറഞ്ഞു.

2015 ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്ബോള്‍ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വലിയ മുന്നേറ്റം നേടി. ഏഴ് വീതം ജില്ലാ പഞ്ചായത്തുണ്ടായിരുന്നതില്‍ നിന്ന് 11 ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നു. കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് ജയിച്ചത്. ഇത്തവണ 108 ആയി. കോര്‍പ്പറേഷനുകളുടെ കാര്യത്തിലും ആറില്‍ അഞ്ചിടത്ത് വിജയിച്ച്‌ എല്‍ഡിഎഫ് വന്‍ മുന്നേറ്റം നേടി. 941 ഗ്രാമപഞ്ചായത്തുകളില്‍ 514 എണ്ണത്തില്‍ ഇടതുമുന്നണിക്ക് വ്യക്തമായ മേല്‍ക്കൈ നേടാനായി.

ഇതിലൊക്കെ ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായ മുന്നണി സംവിധാനത്തിലൂടെ ഒരു തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടോ ധാരണയ്ക്കോ ഒന്നിനും പോകാതെ സംശുദ്ധമായ നിലപാട് പാലിച്ചാണ് 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചത്.മുനിസിപ്പിലിറ്റികളുടെ കാര്യത്തിലാണ് നഷ്ടം. കഴിഞ്ഞ തവണ 48 ഇത്തവണ 35.കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുന്നണി പുറകോട്ട് പോയി. എന്നാല്‍ ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വന്‍ വിജയം നേടി. ഏതെങ്കിലും ഒറ്റപ്പെട്ട മേഖലയിലോ പ്രദേശത്തോ മാത്രമുള്ള മുന്നേറ്റമല്ല. സംസ്ഥാനത്തുടനീളം എല്ലായിടത്തും എല്‍ഡിഎഫ് സമഗ്ര ആധിപത്യം നേടി. ജനം കലവറയില്ലാത്ത പിന്തുണ നല്‍കിയെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com