
തിരുവനന്തപുരം: ഖുറാനെ വിവാദത്തിലേക്ക് എന്തിനാണ് വലിച്ചഴച്ചത് എന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും സ്വയം പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് എന്ന പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപി-ആര്‍എസ്എസ് സംഘമായിരുന്നു. അതിന് അവര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ട്. എന്നാല്‍ തൊട്ടുപിന്നാലെ യുഎഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് പരാതിയുമായി രംഗത്തെത്തുന്നു. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് പിന്നീട് കോണ്‍ഗ്രസിന്റേയും മുസ്ലിംലീഗിന്റേയും നേതാക്കള്‍ പരസ്യമായി ആക്ഷേപിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലീലിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഖുറാനെ ആയുധമാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
കോൺസുലറ്റ് ജനറലാണ് ഖുര്‍ആൻ വിതരണം ചെയ്യാമോ എന്ന് കെടി ജലീലിനോട് ചോദിച്ചത്. സഹായിക്കാൻ ജലീലും തയ്യാറായി. സ്വര്‍ണക്കടത്ത് ആക്ഷേപം ഇതിലേക്ക് വലിച്ചിഴച്ചത് ബിജെപിയും ആര്‍എസ്എസുമാണ്. അവര്‍ക്ക് അതിന് പ്രത്യേക ലക്ഷ്യങ്ങളുമുണ്ട്. തൊട്ടുപിന്നാലെ യുഡിഎഫ് നേതാക്കൾ അത് ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു എന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.
കള്ളക്കടത്ത് വഴി ഖുര്‍ആൻ പഠിപ്പിക്കും എന്ന് സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചത് ആരാണ് ? യുഡിഎഫ് നേതാക്കളല്ലേ എന്നും മുഖ്മന്ത്രി ചോദിച്ചു. ആർഎസ്എസിന് ലക്ഷ്യമുണ്ട്. അത് ബിജെപി ഏറ്റുപിടിക്കുന്നത് മനസിലാക്കാം. പക്ഷെ കോൺഗ്രസ് ലീഗ് നേതാക്കൾ എന്തിനാണ് അതിന് പ്രചാരണം കൊടുക്കുന്നത് . വിശുദ്ധ ഗ്രന്ഥത്തെ വിവാദത്തിലാക്കി അത് തിരിച്ച് കുത്തുന്നുവെന്ന് മനസിലാക്കിയപ്പോൾ കോൺഗ്രസും ലീഗുമെല്ലാം ഉരുണ്ടു കളിക്കുകയാണ്. പരോക്ഷമായെങ്കിലും ഖുർആനെ വിവാദത്തിലാക്കിയത് തെറ്റായിപ്പോയി എന്ന് ഏറ്റുപറയാനുള്ള ആര്‍ജ്ജവം എങ്കിലും പികെ കുഞ്ഞാലിക്കുട്ടി കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.