പെട്ടിമുടി ദുരന്തത്തിന് കാരണമായത് മേഘ വിസ്ഫോടനമാകാമെന്ന്
 വിദഗ്ധര്‍
Top News

പെട്ടിമുടി ദുരന്തത്തിന് കാരണമായത് മേഘ വിസ്ഫോടനമാകാമെന്ന് വിദഗ്ധര്‍

ഓഗസ്റ്റ് തുടക്കത്തില്‍ ശക്തമായ മഴയാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്.

News Desk

News Desk

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം മേഘ വിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍. ഓഗസ്റ്റ് തുടക്കത്തില്‍ ശക്തമായ മഴയാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടായിരം മില്ലി ലിറ്റര്‍ മഴ പ്രദേശത്ത് രേഖപ്പെടുത്തി. വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം.

പെട്ടിമുടിയില്‍ പെയ്ത മഴയ്‌ക്കൊപ്പം സമീപ മലകളില്‍ നിന്നുള്ള വെള്ളവും കുത്തിയൊലിച്ച് വന്നതാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്നാണ് നിഗമനം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയില്‍ പെയ്തത് 612 മില്ലി മീറ്റര്‍ മഴ. ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ച മാത്രം 2147 മിമീ മഴ പ്രദേശത്ത് രേഖപ്പെടുത്തി. ഇതിന്റെ ഫലമായി 14 അടിയോളം ഉയരത്തില്‍ വെള്ളമെത്തിയിരിക്കാമെന്നും കരുതുന്നു.

അതേസമയം പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്‍ഡിആര്‍എഫ് സംഘം ഇന്ന് മടങ്ങും. വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ നാട്ടുകാരുടെ സഹകരണത്തോടെ തെരച്ചില്‍ നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തെരച്ചില്‍ നടത്തിയത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂര്‍ണമായും പരിശോധന പൂര്‍ത്തിയാക്കിയാണ് തെരച്ചില്‍ അവസാനിപ്പിച്ചതെന്ന് കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

ലയങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലും, പെട്ടിമുടി പുഴയിലുമായി 19 ദിവസം നീണ്ടുനിന്ന തെരച്ചിലില്‍ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പ്, പൊലീസ്, റവന്യൂ-പഞ്ചായത്ത് അധികൃതര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തെരച്ചില്‍ നിര്‍ത്തേണ്ട സ്ഥിതിയായിരുന്നു.

Anweshanam
www.anweshanam.com