പെരിയ ഇരട്ടക്കൊല: ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Top News

പെരിയ ഇരട്ടക്കൊല: ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പൊലീസന്വേഷണത്തില്‍ രാഷ്ട്രീയചായ്‍വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു

News Desk

News Desk

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍. കേസില്‍ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാല്‍, ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിരുന്നില്ല. എന്നാല്‍ ഇതിലേക്ക് സിബിഐ അന്വേഷണപ്രകാരം കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. പൊലീസന്വേഷണത്തില്‍ രാഷ്ട്രീയചായ്‍വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു.

എന്നാൽ, സിംഗില്‍ ബഞ്ചും പിന്നാലെ ഡിവിഷന്‍ ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പൊലീസ് സിബിഐയോട് സമ്പൂര്‍ണ നിസ്സഹകരണമാണ് കാണിച്ചത്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ് രേഖകള്‍ തേടി കത്ത് നല്‍കിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് നല്‍കിയതുമില്ല.

കഴിഞ്ഞ മാസം 25-ാം തീയതി, കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചും ശരിവച്ചതാണ്. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നല്‍കി. എന്നിട്ടും മറുപടി കിട്ടിയില്ല.

2019 ഫിബ്രവരി 17-നായിരുന്നു കാസര്‍കോട്ട് കല്യോട്ട് വെച്ച്‌ ബൈക്കില്‍ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.

സിപിഎം പ്രവർത്തകർ പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍മാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവില്‍ നിന്ന് നല്‍കി. കേസ് സുപ്രീം കോടതിയിൽ എത്തുന്നതോടെ ചിലവ് ഇനിയും വർധിക്കും.

Anweshanam
www.anweshanam.com