കനത്ത മഴ: പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

വാളയാര്‍ ഡാമും ഇന്ന് പത്ത് മണിയോടെ തുറക്കുമെന്നാണ് വിവരം.
കനത്ത മഴ: പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

തൃശ്ശൂര്‍: കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാം തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ജനങ്ങള്‍ നദിയിലിറങ്ങുന്നത് ഒഴിവാക്കണമെന്ന് അറിയിപ്പുണ്ട്.

കനത്തമഴയെത്തുടര്‍ന്ന് പുഴകളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ജലനിരപ്പ് ഉയരുന്നതിനാല്‍ വാളയാര്‍ ഡാമും ഇന്ന് പത്ത് മണിയോടെ തുറക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഉരുള്‍പ്പൊട്ടല്‍ സാധ്യതയുണ്ടെന്നും അറിയിപ്പു നല്‍കിയിട്ടുണ്ട്. ഷോളയാര്‍, കല്ലാര്‍കുട്ടി, കുണ്ടള, മംഗലം, ബാണാസുര സാഗര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത്, ലോവര്‍ പെരിയാര്‍ തുടങ്ങിയ അണക്കെട്ടുകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ ബാണാസുരാ സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ 774.30 മീറ്ററാണ് ബാണാസുരസാഗറിലെ ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണശേഷി 775.60 മീറ്ററും. ഷട്ടറുകള്‍ തുറക്കുന്നതോടെ അണക്കെട്ടിന്റെ താഴ്വാരത്തുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അണക്കെട്ട് തുറക്കുന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മലയോരമേഖലകളിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Related Stories

Anweshanam
www.anweshanam.com