ലോക്ക്ഡൗണിലേക്ക് പോകാതിരിക്കണമെങ്കിൽ ജനങ്ങൾ ജാ​ഗ്രത പുലർത്തണം: മുഖ്യമന്ത്രി

നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂടുന്ന പരിപാടികൾ എല്ലാം ഒഴിവാക്കാൻ നാം തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
ലോക്ക്ഡൗണിലേക്ക് പോകാതിരിക്കണമെങ്കിൽ ജനങ്ങൾ ജാ​ഗ്രത പുലർത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം ഇവിടേയും ഉടലെടുക്കാതിരിക്കണമെങ്കിൽ ജനം ജാ​ഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനൊപ്പം ജീവനോപാധികൾ കൂടെ സംരക്ഷിക്കുന്നതിനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും പക്ഷേ, അതിനു നാടിന്റെ പരിപൂർണമായ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾ സർക്കാർ അനുവദിച്ച പരമാവധി ആളുകളെ വച്ച് നടത്തിയാലോ എന്നല്ല, മറിച്ച്, അതു തത്ക്കാലം മാറ്റി വച്ചാലോ എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. നമ്മൾ ആഹ്‌ളാദപൂർവം നടത്തുന്ന കാര്യങ്ങൾ ദുരന്തങ്ങൾക്കിടയാക്കുന്ന സന്ദർഭങ്ങളായി മാറുന്നത് അനുചിതമാണെന്ന് മനസ്സിലാക്കണം. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂടുന്ന പരിപാടികൾ എല്ലാം ഒഴിവാക്കാൻ നാം തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജനിതക വ്യതിയാനം ബാധിച്ച വൈറസുകളെ കുറിച്ച് നടത്തിയ പഠനത്തില്‍ രോഗവ്യാപന വേഗത ഇവ കൂടുതല്‍ തീവ്രമാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്‍. കേരളത്തില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ള റിസ്‌ക് അസെസ്മെന്റ് പഠനത്തില്‍ രോഗവ്യാപന വേഗത, മരണ സാധ്യത, വാക്സിനുകളെ മറികടക്കാനുള്ള കഴിവ് എന്നീമൂന്നു കാര്യങ്ങളാണ് വിലയിരുത്തിയത്.

രോഗവ്യാപനം കൂടുന്നതിനു ആനുപാതികമായി മരണസംഖ്യയും ഉയരും. ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലുമധികമായി രോഗികളുടെ എണ്ണമുയരുകയാണെങ്കില്‍ കൃത്യമായ ചികിത്സയും പരിചരണവും നല്‍കാന്‍ സാധിക്കാതെ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനിതക വ്യതിയാനം ബാധിച്ച വൈറസുകള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ നമ്മള്‍ ഇതുവരെ പിന്തുടര്‍ന്ന രോഗപ്രതിരോധമാര്‍ഗങ്ങള്‍ ശക്തമാക്കണം. സാമൂഹിക അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌കുകള്‍ കൃത്യമായി ധരിക്കുക എന്നതാണ്. പറ്റുകയാണെങ്കില്‍ എന്‍ 95 മാസ്‌കുകള്‍ തന്നെ ധരിക്കുക. അല്ലെങ്കില്‍ ഇന്നലെ പറഞ്ഞതു പോലെ ഡബിള്‍ മാസ്‌കിങ്ങ് ശീലമാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com