സുശാന്ത് കേസ്:
മുംബൈയിലെത്തിയ ബിഹാർ പൊലീസുദ്യോഗസ്ഥന് 
നിർബ്ബന്ധിത ക്വാറൻ്റൈന്‍
Top News

സുശാന്ത് കേസ്: മുംബൈയിലെത്തിയ ബിഹാർ പൊലീസുദ്യോഗസ്ഥന് നിർബ്ബന്ധിത ക്വാറൻ്റൈന്‍

ബിഹാർ പൊലീസ് സുപ്രണ്ടൻ്റ് ബിനയ് തിവാരിയാണ് മഹാരാഷ്ട്ര സർക്കാരിന്‍റെ ക്വാറൻ്റൈനില്‍ കഴിയുന്നത്.

News Desk

News Desk

മുംബൈ: സുശാന്ത് സിങ് രജപുത്ത് ആത്മഹത്യക്കേസ് അന്വേഷണത്തിന് മുംബെയിലെത്തിയ ബിഹാർ പൊലീസ് സുപ്രണ്ടൻ്റ് ബിനയ് തിവാരിയെ മഹാരാഷ്ട്ര സർക്കാർ കോവിഡു ക്വാറൻ്റൈനിലാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കേസ് അന്വേഷണത്തിലെ മഹാരാഷ്ട്രാ - ബിഹാർ ചേരിപ്പോരിൻ്റെ ഭാഗമാണ് നിർബ്ബന്ധിത ക്വാറന്‍റൈൻ എന്ന് പറയപ്പെടുന്നു. "എൻ്റെ കീഴ് ഉദ്യോഗസ്ഥൻ തീവാരിയെ മുംബെ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ മന: പൂർവ്വമാണ് കോവിഡു നിരീക്ഷണത്തിലാക്കിയത്. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ മഹാരാഷ്ട ഡിജിപിയുമായി ബന്ധപ്പെടുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്", ബിഹാർ ഡിജിപി ഗുപ്ത്വേശർ പാണ്ഡെ പറഞ്ഞു.

കോവിഡു മാനദണ്ഡപ്രകാരം തിവാരിയെ ക്വാറൻ്റൈനിലാക്കിയെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം. ഇത് പക്ഷേ അംഗീകരിയ്ക്കാൻ ബിഹാർ പൊലീസ് തയ്യാറല്ല.

ബിഹാറിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 11നാണ് തിവാരി മുംബെയിലെത്തിയത്. കേസന്വേഷണത്തിൻ്റെ ഭാഗമായി മുംബെയിലുള്ള ബീഹാർ പൊലീസ് സംഘത്തിന് നേതൃത്വം നൽകാനാണ് തിവാരിയെത്തിയത്. എന്നാൽ രാത്രി 11 ന് ബലമായി തിവാരി ക്വാറൻ്റൈനിലാക്കപ്പെടുകയായിരുന്നു.

ഐപിഎസ് മെസ് ഹൗസിൽ താമസം അഭ്യർത്ഥിച്ചിട്ടും അത് അനുവദിക്കപ്പെട്ടില്ല. ഗോരഗാവിലെ ഒരു കെട്ടിടത്തിലാണ് തിവാരിയെ ക്വാറൻ്റൈനിലാക്കിയിരിക്കുന്നത്- ബിഹാർ ഡിജിപി ട്വിറ്റ് ചെയ്തു.

രജപുത്തിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവർത്തിക്കെതിരെ പാട്ന സന്തോഷ് നഗർ പൊലീസ് സ്റ്റേഷനിൽ റജിസ്ട്രർ ചെയ്യപ്പെട്ട കേസന്വേഷണത്തിനായാണ് ബിഹാർ പൊലീസ് സംഘം മുംബെയിലെത്തിയിട്ടുള്ളത്. കേസന്വേഷണത്തിൻ്റെ തുടക്കം മുതൽ തന്നെ മഹാരാഷ്ട്ര - ബിഹാർ പൊലീസ് ചേരിപോര് പ്രകടമാണ്. ജൂൺ രണ്ടാം വാരത്തിലാണ് മുംബെയിലെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അന്വേഷണം മഹാരാഷ്ട്ര - ബിഹാർ നീരസത്തിലേക്ക് വഴിമാറരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. തനിക്കെതിരെ പാട്നയിലെ കേസ് മുംബെയിലേക്ക് മാറ്റണമെന്ന റിയയുടെ ഹർജി സുപ്രീം കോടതി പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് സുശാന്തിൻ്റെ അച്ഛനും മഹാരാഷ്ട്ര സർക്കാരിനും സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ വാദം കേട്ട ശേഷമേ റിയുടെ ഹർജിയിൽ കോടതി തീരുമാനമെടുക്കൂ.

ഇതിനിടെ, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയം. സുശാന്ത് ബിഹാർ സ്വദേശിയായിരുന്നു.

Anweshanam
www.anweshanam.com