തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു ബെഡിൽ ഒന്നിൽ കൂടുതൽ രോഗികൾ; കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് അധികൃതർ
Top News

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു ബെഡിൽ ഒന്നിൽ കൂടുതൽ രോഗികൾ; കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് അധികൃതർ

ഒരു ബെഡിൽ രണ്ട് പേരെ കിടത്തിയും ബെഡുകൾക്കിടയിലുള്ള തറയിൽ വരെ രോഗികളെ കിടത്തിയുമാണ് ചികിത്സ നൽകുന്നത്

M Salavudheen

തിരുവനന്തപുരം: കോവിഡ് കാലത്തും തികഞ്ഞ അനാസ്ഥ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്. കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം വേണമെന്ന് അറിയാത്തവരായി ഇനി ലോകത്ത് തന്നെ ആരും ഉണ്ടാകില്ല. കോവിഡിനെ തടയാൻ ലോകം മുഴുവൻ പാലിച്ച് പോരുന്ന കാര്യമാണ് സാമൂഹ്യ അകലവും മാസ്‌കും കൈകൾ സോപ്പിട്ട് കഴുകുന്നതും പരിസര ശുചീകരണവുമെല്ലാം. എന്നാൽ ഇതെല്ലാം പാടെ മറന്നുള്ള പ്രവർത്തനമാണ് തലസ്ഥാനത്തെ മെഡിക്കൽ കോളേജ്. യാതൊരു വിധ സാമൂഹ്യ അകലവും പാലിക്കാതെയാണ് ആശുപത്രിയിലെ രോഗികളെ കിടത്തി ചികിൽസിക്കുന്നത്.

മെഡിക്കൽ കോളേജിലെ വാർഡുകളിൽ നിരവധി പേരെയാണ് കിടത്തി ചികിൽസിക്കുന്നത്. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ പാലിക്കേണ്ട യാതൊരുവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കുന്നില്ല. ഒരു ബെഡിൽ രണ്ട് പേരെ കിടത്തിയും ബെഡുകൾക്കിടയിലുള്ള തറയിൽ വരെ രോഗികളെ കിടത്തിയുമാണ് ചികിത്സ നൽകുന്നത്. ആരോഗ്യമുള്ള മനുഷ്യർ വരെ മീറ്ററുകളുടെ അകലം പാലിക്കേണ്ട സമയത്താണ് ഒരു ബെഡിൽ രണ്ട് രോഗികളായ രണ്ട് പേർ കിടക്കുന്നത്.

പനി ബാധിച്ച് കിടക്കുന്നവർ മുതൽ ഹൃദ്രോഗികൾ വരെ രോഗ ബാധിതരായി വാർഡുകളിൽ ഉണ്ട്. ചെറുപ്പക്കാർ മുതൽ പ്രായമുള്ളവർ വരെയുണ്ട് ഇക്കൂട്ടത്തിൽ. ഏറെ ശുദ്ധിയോടെ കഴിയേണ്ട സമയത്ത് തറയിൽ വരെ കിടക്കേണ്ട അവസ്ഥയിലാണ് തലസ്ഥാനത്തെ സാധാരണ മനുഷ്യർ.

വാർഡ് മൂന്നിൽ ഹൃദയാഘാതം വന്ന് ചികിത്സയിലുള്ള ശ്രീകുമാരി കിടക്കുന്നത് തറയിലാണ്. ശ്രീകുമാരി ഡിസ്‌കിന് അസുഖം ഉള്ളതിനാൽ തറയിൽ കിടക്കാൻ ബുദ്ധിമുട്ടുള്ളയാളാണ്. പക്ഷേ, വേറെ സ്ഥലം ഇല്ലാത്തതിനാലും ഹൃദയാഘാതം സംഭവിച്ചതിനാലും ഇവിടെ കിടന്ന് ചികിത്സ തേടുക മാത്രമേ ഇവർക്ക് വഴിയുള്ളൂ.

"തറയിൽ കിടക്കേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ കാണിക്കാൻ വന്നപ്പോൾ പറഞ്ഞിരുന്നു. അമ്മയ്ക്ക് ഡിസ്‌കിന് വേദനയുള്ളതിനാൽ തറയിൽ കിടക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ഞങ്ങൾ ഫോർട്ട് ഹോസ്‌പിറ്റലിലും ജനറൽ ഹോസ്‌പിറ്റലിലും പോയി നോക്കി. ജനറൽ ഹോസ്‌പിറ്റൽ കോവിഡ് ആശുപത്രി ആയതിനാൽ അവിടെ പ്രവേശനം ഇല്ല. ഫോർട്ട് ഹോസ്‌പിറ്റലിൽ ഹൃദയാഘത്തിന് ചികിൽസിക്കാനുള്ള സൗകര്യമില്ലെന്നാണ് അവർ പറഞ്ഞത്. അതിനാൽ ഞങ്ങൾ ഇങ്ങോട്ട് തന്നെ തിരിച്ചുവരികയായിരുന്നു" - ശ്രീകുമാരിയുടെ മകൻ വിഷ്‌ണു പറയുന്നു.

Anweshanam
www.anweshanam.com