ഡൽഹിക്ക് പിന്നാലെ പാരീസിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തും ബോംബ്; ഡൽഹിയിൽ ഉപയോഗിച്ചത് പിഇടിഎന്‍

മുന്‍പ് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന പിഇടിഎന്‍ എന്ന സ്ഫോടകവസ്തുവാണ് ഡൽഹിയിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി
ഡൽഹിക്ക് പിന്നാലെ പാരീസിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തും ബോംബ്; ഡൽഹിയിൽ ഉപയോഗിച്ചത് പിഇടിഎന്‍

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നടന്ന സ്ഫോടനത്തിന് പിന്നാലെ പാരീസിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തും ബോംബ് കണ്ടെത്തിയാതായി റിപ്പോർട്ട്. ബോംബ് കണ്ടെത്തി നിർവീര്യമാക്കിയതായാണ് വിവരം. അതേസമയം, ഇന്ത്യയിൽ ബോംബ് സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

പ്രതികള്‍ക്കായി അന്വേഷണം വിപുലീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തിനിടെ ഇന്ത്യയിലെത്തിയ മുഴുവന്‍ ഇറാന്‍ സ്വദേശികളുടെയും വിവരങ്ങള്‍ കൈമാറാന്‍ എഫ്‌ആര്‍ആര്‍ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍പ് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന പിഇടിഎന്‍ എന്ന സ്ഫോടകവസ്തുവാണ് ഡൽഹിയിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഇതോടെ ഐസ് - അല്‍ ഖ്വയ്ദ സംഘങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന സംശയം ബലപ്പെട്ടു.

ഈ സ്ഫോടകവസ്തു എളുപ്പത്തില്‍ ലഭിക്കുന്നതല്ല. സൈനിക നിലവാരത്തിലുള്ളതാണ് പെന്റാറിത്രിറ്റോള്‍ ടെട്രാ നൈട്രേറ്റ് എന്ന ഈ സ്ഫോടകവസ്തു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒന്‍പത് വാട്ടിന്റെ ഒരു ബാറ്ററിയും കണ്ടെത്തിയിട്ടുണ്ട്.

സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ 'ഇസ്രായേല്‍ അംബാസിഡര്‍'ക്കുള്ളത് എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്നാണ് പരാമര്‍ശിക്കുന്നത്. 2020 ജനുവരിയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ജനറല്‍ ക്വാസിം സുലൈമാനി, നവംബറില്‍ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജന്‍ മൊഹസെന്‍ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇറാനിയന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നതിനായി ഇന്ത്യ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായം തേടിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com