കീം പരീക്ഷയ്ക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കോവിഡ്
Top News

കീം പരീക്ഷയ്ക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കോവിഡ്

ജില്ലയില്‍ കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് നേരത്തെ കോവിഡ്  സ്ഥിരീകരിച്ചിരുന്നു. 

By News Desk

Published on :

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷയ്ക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടൺഹിൽ സ്കൂളിലെ പരീക്ഷ കേന്ദ്രത്തിൽ കുട്ടിയെ കൊണ്ടുവന്നത് രക്ഷിതാവാണ്. പരീക്ഷ തീരുന്നത് വരെ രക്ഷിതാവ് പരീക്ഷ ഹാളിന് പുറത്തുണ്ടായിരുന്നു.

സ്കൂള്‍ പരിസരത്ത് ഉണ്ടായിരുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കരകുളം സ്വദേശിക്ക് നേരത്തെ കോവിഡ് ലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാർത്ഥികളുടെ പട്ടിക, പ്രവേശന പരീക്ഷാ കമീഷണർ ആരോഗ്യവകുപ്പിന് കൈമാറി.

ഇതേത്തുടര്‍ന്ന് പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്ന 20 വിദ്യാർത്ഥികൾ, പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ, വേളണ്ടിയർമാർ എന്നിവരോട് നിരീക്ഷണത്തിൽ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രിപ്പിൾ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു.

Anweshanam
www.anweshanam.com