
പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാനകൊലയിലെ തുടര്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംഭവത്തില്‍ ലോക്കല്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് പാലക്കാട് എസ്പി അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അതിനിടെ കേസിലെ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്ത് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന് പ്രഭുകുമാര്‍, അമ്മാവന് സുരേഷ് എന്നിവരെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
അതേസമയം, സംഭവത്തില്‍ പൊലീസ് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു. പൊലീസ് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കും. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട അനീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. വേറെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വേണമെങ്കില്‍ അത് അടുത്ത ദിവസം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.