
പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് നടന്ന ദുരഭിമാനക്കൊലയില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി സികെ ദേവസ്യ. പെണ്‍കുട്ടിയുടെ അമ്മാവന് ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായി മാത്രമാണ് പരാതി കിട്ടിയതെന്നും ഡിവൈഎസ്പി.
ലഭിച്ച പരാതിയില്‍ അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊലക്കേസില്‍ കസ്റ്റഡിയിലുള്ള രണ്ട് പേരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് പ്രഭു കുമാര്‍, അമ്മാവന് സുരേഷ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇരുവരും ചേര്‍ന്നാണ് അനീഷിനെ വെട്ടിക്കൊന്നത് എന്ന പ്രധാന സാക്ഷി അരുണ്‍ പറഞ്ഞു.
കുഴല്‍മന്ദം എലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. മൂന്നുമാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. പാലക്കാട്ടെ തേന്‍കുറിശ്ശിയില്‍ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം. അനീഷും സഹോദരനും കൂടി ബൈക്കില്‍ പോവുകയായിരുന്നു. സമീപത്തെ കടയില്‍ സോഡ കുടിക്കാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ അനീഷിന്റെ ഭാര്യാപിതാവ്പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.