പാലക്കാട് ദുരഭിമാനക്കൊല: ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയിൽ

അനീഷിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും
പാലക്കാട് ദുരഭിമാനക്കൊല: ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയിൽ

പാലക്കാട്: കുഴൽമന്ദം ​തേങ്കുറുശ്ശിയിൽ യുവാവ്​ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതികൾ പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവ്​ പ്രഭുകുമാർ, ഭാര്യയുടെ അമ്മാവൻ സുരേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. കോയമ്പത്തൂരിന് സമീപമുള്ള ബന്ധു വീട്ടിൽ നിന്നാണ് പ്രഭുകുമാറിനെ കസ്റ്റഡിയിലെടുത്തത്. പ്രഭുകുമാറിനെ ഉച്ചയോടെ പാലക്കാട് എത്തിച്ച് വിശദമായി ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

​വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് (അപ്പു -27) തേങ്കുറുശ്ശിയിൽവെച്ച് കൊല്ലപ്പെട്ടത്. തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപമാണ് ദാരുണ​ സംഭവം നടന്നത്. കടയിൽ പോയി സഹോദരനൊപ്പം ബൈക്കിൽ തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്ന്​ മാസം മുമ്പാണ്​ സ്​കൂൾ കാലം തൊട്ട്​ പ്രണയിച്ച ഹരിതയെ അനീഷ്​ രജിസ്റ്റർ വിവാഹം ചെയ്​തത്​. ഹരിതയുടെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് അനീഷ് ഒന്നര മാസം രഹസ്യമായി താമസിക്കുകയായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും വിവാഹത്തിന്​ താൽപര്യമില്ലാതിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ മുമ്പ്​ ഭീഷണിപ്പെടുത്തിയതായും അനീഷിന്‍റെ സഹോദരൻ അരുൺ മാധ്യമങ്ങളോട്​ പറഞ്ഞു.

അതേസമയം, അനീഷിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. രാവിലെ പത്ത് മണിയോടെ നടപടികൾ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com