പാലാ സീറ്റ് തർക്കം: പീതാംബരന്‍ മാസ്റ്റർ ഇന്ന് ശരദ് പവാറിനെ കാണും

പാലാ സീറ്റ് തർക്കം: പീതാംബരന്‍ മാസ്റ്റർ ഇന്ന് ശരദ് പവാറിനെ കാണും

മുംബൈ: പാലാ സീറ്റിനെ ചൊല്ലി എന്‍സിപി ഇടത് മുന്നണി വിട്ടേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ ശരദ് പവാറിനെ വീണ്ടും കാണും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കൂടിക്കാഴ്ച. പ്രശ്നങ്ങളില്‍ തീര്‍പ്പുണ്ടാക്കാനായി പവാര്‍ കേരളത്തിലെത്താനിരിക്കെയാണ് വീണ്ടുമൊരിക്കല്‍ കൂടി പീതാംബരന്‍ മാസ്റ്റര്‍ മുംബൈയിലെത്തുന്നത്.

രണ്ട് ദിവസം മുന്‍പ് നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് പീതാംബരന്‍ മാസ്റ്ററോട് പറഞ്ഞിരുന്നു. ഈ നിലപാട് അദ്ദേഹം ദേശീയ അധ്യക്ഷനെ അറിയിക്കും.

ഇടഞ്ഞ് നില്‍ക്കുന്ന മാണി സി.കാപ്പനെയും എ.കെ. ശശീന്ദ്രനെയും അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കവും പരാജയപ്പെട്ടിരുന്നു. സീറ്റു ചര്‍ച്ച പിന്നീട് ആകാമെന്ന തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്. എന്നാല്‍ പാലാ സീറ്റില്‍ ഉറപ്പില്ലാതെ മുന്നണിയില്‍ തുടരില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാലാ സീറ്റിലടക്കം തീരുമാനമായില്ലെങ്കില്‍ പീതാംബരനും മാണി സി കാപ്പനും ഉള്‍പ്പെടുന്ന എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിടാനുള്ള നീക്കത്തിലേക്ക് പോകും. എന്നാല്‍ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ശശീന്ദ്രന്‍ സിപിഎമ്മിനെ അറിയിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com