ബലാത്സംഗ കേസ് പ്രതികളെ ഷണ്ഡീകരിക്കും; കടുത്ത നിയമവുമായി പാക്കിസ്ഥാൻ

ചൊവ്വാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തില്‍ നിയമമന്ത്രാലയം അവതരിപ്പിച്ച ആന്റി റേപ് ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകാരം നല്‍കി
ബലാത്സംഗ കേസ് പ്രതികളെ ഷണ്ഡീകരിക്കും; കടുത്ത നിയമവുമായി പാക്കിസ്ഥാൻഇസ്ലാമാബാദ് : ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാനുള്ള നിയമനിര്‍മ്മാണത്തിന് തത്വത്തിൽ അംഗീകാരം നല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലൈംഗികാതിക്രമകേസുകളുടെ വിചാരണ വേഗത്തിലാക്കാനും തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തില്‍ നിയമമന്ത്രാലയം അവതരിപ്പിച്ച ആന്റി റേപ് ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ നിയമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ഗുരുതര വിഷയമായതിനാല്‍ ബലാത്സംഗ കേസുകളില്‍ നടപടികള്‍ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ പൗരര്‍ക്ക് സുരക്ഷിത സാഹചര്യം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിയമം വ്യക്തവും സുതാര്യവുമായിരിക്കുമെന്നും കര്‍ശനമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. ഇരയായവര്‍ക്ക് ധൈര്യപൂര്‍വം പരാതി നല്‍കാമെന്നും അവരെ സംബന്ധിച്ച പൂര്‍ണവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ പുതിയ നിയമം ഉടനെ അവതരിപ്പിച്ച്‌ അംഗീകാരം നല്‍കാനാണ് ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ നീക്കം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com