കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കാനുള്ള ബില്ലിന് പാക് പാർലമെന്റിന്റെ അം​ഗീകാരം

മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിനെ ചാരപ്രവർത്തനം ആരോപിച്ചാണ് പാകിസ്താൻ ബലൂചിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തത്.
 കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ  പുനപരിശോധിക്കാനുള്ള ബില്ലിന് പാക് പാർലമെന്റിന്റെ അം​ഗീകാരം

മുംബെെ :മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ബില്ലിന് പാക്കിസ്ഥാന് പാർലമെന്റ് അം​ഗീകാരം നൽകി-എഎൻ െഎ റിപ്പോർട്ട്.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പാക്കിസ്ഥാനെതിരായുള്ള ഉപരോധം ഒഴിവാക്കാനായി കുൽഭൂഷൻ ജാദവിന്റെ ശിക്ഷ പുന പരിശോധിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതായി ജാദവിന്റെ സുഹൃത്ത് അരവിന്ദ് സിംഗ് വാർത്ത ഏ‍ൻസിയോട് പറഞ്ഞു.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) വിധി പ്രകാരം പാകിസ്ഥാൻ പ്രവർത്തിച്ചില്ലെങ്കിൽ ധാരാളം പ്രത്യാഘാതങ്ങൾ അവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അത് തിരിച്ചറിഞ്ഞ് ശരിയായ ദിശയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ശിക്ഷാവിധി പുന പരിശോധിക്കാനുള്ള ബില്ലിന് പാകിസ്ഥാൻ ദേശീയ നിയമസഭയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകാരം നൽകിയതിനെ തുടർന്നാണ് അരവിന്ദ് സിങ്ങിന്റെ പ്രസ്താവന.

മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിനെ ചാരപ്രവർത്തനം ആരോപിച്ചാണ് പാകിസ്താൻ ബലൂചിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തത്. 2016 മാർച്ച് മൂന്നിനായിരുന്നു അറസ്റ്റ്. ഇന്ത്യൻ ചാരസംഘടനയായ ‘റോ’യുടെ ചാരനാണ് എന്നായിരുന്നു ആരോപണം. തുടർന്ന് 2017 ഏപ്രിൽ 10ന് കുൽഭൂഷണ് വധശിക്ഷ വിധിക്കുകയും ചെയ്തു. കുൽഭൂഷൻ ജാദവിന്റെ അറസ്റ്റ്, രാജ്യാന്തര കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതും, കൈമാറുന്നതും സംബന്ധിച്ച അന്താരാഷ്ട്ര കരാറായ വിയന്ന കരാറിന് വിരുദ്ധമാണെന്ന് ലോകവ്യാപകമായി വിമർശനമുണ്ടായി.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഓർഡിനൻസ് പ്രകാരം ജാദവിന്റെ വധശിക്ഷ പുന പരിശോധിക്കാനുള്ള ബിൽ അവതരിപ്പിച്ചതായി നിയമകാര്യ മന്ത്രി ഫറോഗ് നസീം പറഞ്ഞു. ഈ ഒാർഡിനൻസ് പ്രകാരം വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ജാദവിന് അവകാശമുണ്ട്.ബിൽ പാർലമെന്റ് അംഗീകരിച്ചില്ലെങ്കിൽ,കോടതി വിധി പാലിക്കാത്തതിന് പാകിസ്ഥാന് ഉപരോധം നേരിടേണ്ടിവരുമെന്ന് ഫറോഗ് മുന്നറിയിപ്പ് നൽകി. ഈ ഓർഡിനൻസ് പ്രകാരം പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കോടതിയലക്ഷ്യ ഹർജി സമർപ്പിക്കാമെന്നും നിയമമന്ത്രി കൂട്ടിച്ചേർത്തു.

പാകിസ്താൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൻ ജാദവിന്റെ ശിക്ഷ അന്താരാഷ്ട്ര കോടതി നേരത്തെ തടഞ്ഞിരുന്നു. വധശിക്ഷ പുനപരിശോധിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട കോടതി ജാദവിന് നയതന്ത്ര സഹായം നൽകണം എന്നും ആവശ്യപ്പെട്ടിരുന്നു. വിദേശ തടവുകാരന് ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ കുൽഭൂഷന് നിഷേധിച്ചതോടെയാണ് 2017 മേയിൽ ഇന്ത്യ പാകിസ്താനെതിരെ രാജ്യന്തര കോടതിയെ സമീപിച്ചത്.

Related Stories

Anweshanam
www.anweshanam.com