കനിമൊഴിയുടെ ആരോപണത്തിന് പിറകെ വെളിപ്പെടുത്തലുമായി പി ചിദംബരം
Top News

കനിമൊഴിയുടെ ആരോപണത്തിന് പിറകെ വെളിപ്പെടുത്തലുമായി പി ചിദംബരം

വിമാനത്താവളത്തില്‍ വച്ച്‌ തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, സിഐഎസ്‌എഫ് ജവാന്‍ തന്റെ ദേശീയതയെ ചോദ്യം ചെയ്തെന്ന ഡിഎംകെ എംപി കനിമൊഴി.

News Desk

News Desk

ന്യൂഡല്‍ഹി: ചെന്നൈ വിമാനത്താവളത്തില്‍ വച്ച്‌ തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, സിഐഎസ്‌എഫ് ജവാന്‍ തന്റെ ദേശീയതയെ ചോദ്യം ചെയ്തെന്ന ഡിഎംകെ എംപി കനിമൊഴിയുടെ ആരോപണത്തിന് പിറകെ തനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും സമാനമായ നിന്ദ താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡി‌എം‌കെ നേതാവിന് സംഭവിച്ചതെന്തായാലും അത് അസാധാരണമായൊന്നല്ല എന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

"ടെലിഫോണ്‍ സംഭാഷണത്തിനിടയിലും ചിലപ്പോള്‍ മുഖാമുഖം സംസാരിക്കുന്നതിലും ഞാന്‍ ഹിന്ദിയില്‍ സംസാരിക്കണമെന്ന് നിര്‍ബന്ധം പിടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും സാധാരണ പൗരന്മാരില്‍ നിന്നും സമാനമായ പരിഹാസങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്," അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹിന്ദിയും ഇംഗ്ലീഷും ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളാണെന്ന് കേന്ദ്രം ആത്മാര്‍ത്ഥമായി കരുതുന്നുണ്ടെങ്കില്‍, അവര്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെയും ജീവനക്കാരെയും രണ്ട് ഭാഷകളിലും സംസാരിക്കാന്‍ നിര്‍ബന്ധിക്കണം.

കേന്ദ്ര സര്‍ക്കാര്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്ന ഹിന്ദി സംസാരിക്കാനറിയാത്തവര്‍ വളരെ വേഗത്തില്‍ ഭാഷ സ്വായത്തമാക്കാറുണ്ട്. എന്നാല്‍ കേന്ദ്ര സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കുന്ന ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് വിമാനത്താവളത്തിലെ സിഐഎസ് എഫ് ജവാന്‍ തന്നോട് ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചതായി കനിമൊഴി കഴിഞ്ഞ ദിവസം ട്വിറ്ററില്‍​ കുറിച്ചിരുന്നു.

ഇന്ത്യന്‍ എന്നുപറയുന്നത് ഹിന്ദി അറിയുന്ന വ്യക്തിക്ക് തുല്യമായി മാറിയത് എപ്പോഴാണെന്നറിയാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കനിമൊഴിയുടെ ട്വീറ്റിന് പിന്തുണയുമായി എംപിമാരായ മാണിക്കം ടാഗോര്‍, കാര്‍ത്തി പി ചിദംബരം എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Anweshanam
www.anweshanam.com