മനുഷ്യരിലെ കോവിഡ് വാക്‌സിൻ പരീക്ഷണം വിജയകരമെന്ന്‌ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി
Top News

മനുഷ്യരിലെ കോവിഡ് വാക്‌സിൻ പരീക്ഷണം വിജയകരമെന്ന്‌ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി

1077 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. AZD1222 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിൻ പരീക്ഷണമാണ് നടക്കുന്നത്.

By M Salavudheen

Published on :

ലണ്ടൻ: കോവിഡ് ഭീതിയിൽ കഴിയുന്ന മനുഷ്യർക്ക് ആശ്വാസ വാർത്തയുമായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. മനുഷ്യരിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. 1077 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. AZD1222 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിൻ പരീക്ഷണമാണ് നടക്കുന്നത്.

വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചതായും ശാസ്ത്രജ്ഞർ അറിയിച്ചു. അതേസമയം ആദ്യ​ഘട്ട പരീക്ഷണം വിജയകരമാണെങ്കിലും അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി വിജയകരമായി പൂ‍ർത്തിയാക്കിയാൽ മാത്രമേ വൈറസ് വിപണിയിൽ എത്തൂ. പതിനായിരത്തിലേറെ പേരിലാണ് അടുത്ത ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുക.

വാക്സിൻ വികസനത്തിൻ്റെ ഏറ്റവും അവസാനത്തേയും നിർണായകവുമായ കടമ്പയാണ് മനുഷ്യരിലെ പരീക്ഷണം. ലോകത്തെ നൂറിലേറെ ശാസ്ത്രസംഘങ്ങൾ കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിനായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഓക്സ്ഫോർഡിന്റെ പരീക്ഷണത്തിൽ ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ടും വാക്സിൻ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്. വാക്സിൻ വിജയകരമാവുന്ന പക്ഷം ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കുക പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയാവും.

Anweshanam
www.anweshanam.com