അവയവമാഫിയ; അന്വേഷണം വിപുലീകരിക്കാൻ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേകസംഘം

തൃശ്ശൂർ എസ്‍പി എസ് സുദർശന്‍റെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക.
അവയവമാഫിയ; അന്വേഷണം വിപുലീകരിക്കാൻ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേകസംഘം

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവക്കച്ചവട മാഫിയക്ക് എതിരായ അന്വേഷണം വിപുലീകരിക്കാൻ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് ആഭ്യന്തരവകുപ്പ്. സംസ്ഥാനവ്യാപകമായി അന്വേഷണം നടത്തുന്നതിന് വേണ്ടി പ്രത്യേകസംഘം രൂപീകരിക്കും. തൃശ്ശൂർ എസ്‍പി എസ് സുദർശന്‍റെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക.

ഇടനിലക്കാർ, ആശുപത്രികൾ, സർക്കാർ ജീവനക്കാർ എന്നിവരുടെ പങ്ക് വിശദമായി ഈ സംഘം അന്വേഷിക്കും. സംസ്ഥാനത്ത് അവയവദാനവുമായി ബന്ധപ്പെട്ട് വൻമാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് അവയവദാന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏജന്‍റുമാരുടെ ചതിയിൽപ്പെട്ട് നിരവധിപ്പേർ വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വിൽപ്പന നടത്തിയെന്നും ഐജി എസ് ശ്രീജിത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് മൃതസഞ്ജീവനിയെന്ന പദ്ധതിയുണ്ട്. മരണാനന്തരമുള്ള അവയവദാനമാണ് ഈ പദ്ധതി. നിയമാനുസൃതമായുള്ള ഈ പദ്ധതിയെ അട്ടിമറിച്ച് ഏജന്‍റുമാർ അവയവ കച്ചവടം നടത്തുന്നുവെന്നാണ് ക്രൈം ബ്രാ‍ഞ്ച് കണ്ടെത്തൽ.

സർക്കാർ ഉദ്യോഗസ്ഥരും ഈ മാഫിയക്കൊപ്പം പ്രവർത്തിച്ചതായി സംശയിക്കുന്നുണ്ടന്നും ഐജി പറയുന്നു. ആരെയും പ്രതിയാക്കാതെയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവയവ കച്ചവടത്തിലൂടെ വഞ്ചിതരായ കൊടുങ്ങല്ലൂരിലെ ചിലർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് വിവരം.

കോളനികള്‍ കേന്ദ്രീകരിച്ചാണ് മാഫിയയുടെ പ്രവർത്തനം. പാവങ്ങളെ പണം നൽകിയ പ്രലോഭിപ്പിച്ച് ആശുപത്രിയിലെത്തിച്ച് സമ്മതപത്രം വാങ്ങിയ വൃക്ക തട്ടിയെടുക്കുന്ന മാഫിയ സംസ്ഥാനത്തെ സജീവമാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍ നേരത്തെയുമുണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണത്തിനായി ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത്.

Related Stories

Anweshanam
www.anweshanam.com