ലൈഫ് മിഷൻ: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം

ലൈഫ് പദ്ധതിയിൽ സംസ്ഥാന സർക്കാറും സ്വർണക്കടത്ത് കേസ് പ്രതികളും ചേർന്നുള്ള അഴിമതിയാണ് നടന്നതെന്ന് അനിൽ അക്കര
ലൈഫ് മിഷൻ: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം

തിരുവനന്തപുരം: ലൈഫ് പാർപ്പിട പദ്ധതിയിലെ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കുള്ള പങ്ക് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. ലൈഫ് മിഷനിൽ സിബിഐക്ക് അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ലൈഫ് പദ്ധതിയിൽ സംസ്ഥാന സർക്കാറും സ്വർണക്കടത്ത് കേസ് പ്രതികളും ചേർന്നുള്ള അഴിമതിയാണ് നടന്നതെന്ന് അനിൽ അക്കര നിയമസഭയിൽ ആരോപിച്ചു. വടക്കാഞ്ചേരി പദ്ധതിയിൽ കോടികളുടെ അഴിമതിയുണ്ട്. വടക്കാഞ്ചേരിയിൽ ഭൂമി വാങ്ങിയപ്പോൾ തന്നെ ആക്ഷേപമുണ്ടായി. മന്ത്രി എസി മൊയ്തീൻ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.

വടക്കഞ്ചേരി പദ്ധതിയിൽ ലൈഫ് മിഷന് സാമ്പത്തിക ഉത്തരവാദിത്തമില്ലെന്ന് മന്ത്രി എ സി മൊയ്തീൻ വിശദീകരിച്ചു. പദ്ധതിയെ ആകെ താറടിക്കാനുള്ള ശ്രമം നടക്കുന്നു. പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാമെന്ന് യുഎഇ റെഡ് ക്രെസന്‍റ് താൽപര്യം അറിയിച്ചപ്പോഴാണ് സർക്കാർ ആവശ്യമാ‍യ നടപടി സ്വീകരിച്ചത്. ലൈഫ് പാർപ്പിട പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എ സി മൊയ്തിന്‍റെ ആരോപണം തള്ളിയ അനിൽ അക്കര പാർപ്പിട പദ്ധതിയെ ഒരിക്കൽ പോലും എതിർത്തിട്ടില്ലെന്ന് വ്യക്തമാക്കി. പാവങ്ങൾക്ക് ഭവനം നൽകുന്ന പദ്ധതിയെ ഒരിക്കലും എതിർത്തിട്ടില്ല. പദ്ധതിയിലെ ക്രമക്കേടാണ് ചൂണ്ടിക്കാട്ടുന്നതെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com