ഇ-മൊബിലിറ്റി പദ്ധതി: പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുകയാണ്; രമേശ് ചെന്നിത്തല

4500 കോടിയുടെ മുതല്‍മുടക്കുള്ള പദ്ധതിയാണ് ടെണ്ടര്‍ വിളിക്കാതെയും നടപടിക്രമം പാലിക്കാതെയും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനു കരാര്‍ നല്‍കിയത്.
ഇ-മൊബിലിറ്റി പദ്ധതി: പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുകയാണ്; രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിഡബ്ലുസിയെ ഒഴിവാക്കിയത് പ്രതിപക്ഷ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഗസ്റ്റ് 13നാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. സെബിയുടെ നിരോധനം നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനു കരാര്‍ നല്‍കിയത്. പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍ എല്ലാം നിയമാനുസൃതമാണെന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ കേന്ദ്രം എംപാനല്‍ ചെയ്തതുകൊണ്ട് ടെണ്ടറിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വാദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

4500 കോടിയുടെ മുതല്‍മുടക്കുള്ള പദ്ധതിയാണ് ടെണ്ടര്‍ വിളിക്കാതെയും നടപടിക്രമം പാലിക്കാതെയും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനു കരാര്‍ നല്‍കിയത്. സ്വിസ് കമ്പനിയായ ഹെസിനു കരാര്‍ നല്‍കിയശേഷമാണ് കണ്‍സള്‍ട്ടന്‍സിയെ വച്ചത്. കരാര്‍ നല്‍കിയ കാര്യം ഗതാഗതമന്ത്രി പോലും അറിഞ്ഞില്ല. അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും ധനമന്ത്രിയും ഇതിനെ എതിര്‍ത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു കണ്‍സള്‍ട്ടന്‍സിയെ വച്ചതെന്നും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് ഇപ്പോള്‍ പിഡബ്ലുസിയെ ഒഴിവാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com