നേമത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റ്; ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ഉമ്മൻ ചാണ്ടി

നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മുന്നോട്ട് വെച്ചു എന്നായിരുന്നു വാര്‍ത്തകൾ
നേമത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റ്; ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പുതുപ്പള്ളി വിട്ട് എവിടെയും മത്സരിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. നേമത്ത് മത്സരിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചതോടെയാണ് ഉമ്മൻ ചാണ്ടി തന്നെ രംഗത്ത് വന്നത്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍റ് ആണെന്നും ഉമ്മൻചാണ്ടി വാർത്താകുറിപ്പിൽ പറഞ്ഞു

തന്‍റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്തും ഏതും വാര്‍ത്തയാകുകയാണെന്നും ഉമ്മൻ ചാണ്ടിയുടെ പ്രതികരിച്ചു.

നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മുന്നോട്ട് വെച്ചു എന്നായിരുന്നു വാര്‍ത്തകൾ. ഉമ്മൻചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രതികരണം കൂടി വന്നതോടെ ഉമ്മൻചാണ്ടി നേമത്ത് നിന്ന് മത്സരിക്കുന്നുവെന്ന് ഉറപ്പിച്ച തരത്തിലായിരുന്നു വാർത്തകളും ചർച്ചകളും. ഇതോടെയാണ് ഉമ്മൻചാണ്ടി ഔദ്യോഗികമായി വാര്‍ത്താ കുറിപ്പ് ഇറക്കി ഇതെല്ലാം നിഷേധിച്ചത്.

കോൺഗ്രസിന്‍റെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന ഉമ്മൻചാണ്ടി ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി ജയിച്ചാൽ കോൺഗ്രസിന് അത് വലിയ നേട്ടമാകും എന്നായിരുന്നു പ്രതീക്ഷ. ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ മകൻ ചാണ്ടി ഉമ്മനാകും പുതുപ്പള്ളിയിൽ സ്ഥാനാർഥിയാവുക എന്നും അഭ്യൂഹങ്ങൾ പരന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com