നഴ്‌സുമാരുടെ സമരത്തില്‍ അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍; പൊലീസ് ലാത്തി വീശി

ഇന്നലെ മുതലാണ് നഴ്സുമാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചത്.
നഴ്‌സുമാരുടെ സമരത്തില്‍ അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍; പൊലീസ് ലാത്തി വീശി

ന്യൂ ഡല്‍ഹി: എയിംസിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍. ജോലി ബഹിഷ്‌ക്കരിച്ച് സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് . ആശുപത്രിയിലെ സേവനങ്ങള്‍ക്ക് തടസമില്ലാതെയിരിക്കാന്‍ നടപടി സ്വീകരിക്കാനും എയിംസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, നഴ്സുമാര്‍ സമരം ശക്തമാക്കിയതോടെ പൊലീസ് ലാത്തി വീശി. സംഘര്‍ശത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്സുമാര്‍. സമരത്തെ തുടര്‍ന്ന് ഇന്നും എയിംസിന്റെ പ്രവര്‍ത്തനം നിലച്ചു.

ഇന്നലെ മുതലാണ് നഴ്സുമാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചത്. ജീവനക്കാരെ അനുനയിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ ഈ ആവശ്യം തള്ളുകയായിരുന്നു.

അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചാണ് സമരം. ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുന്‍പ് മാനേജ്‌മെന്റിനോട് ഈ ആവശ്യങ്ങള്‍ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com