തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയക്കാരനല്ല; മുഖ്യമന്ത്രി സ്ഥാനാർഥി ആകാനില്ല: രഞ്ജന്‍ ഗൊഗൊയ്
Top News

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയക്കാരനല്ല; മുഖ്യമന്ത്രി സ്ഥാനാർഥി ആകാനില്ല: രഞ്ജന്‍ ഗൊഗൊയ്

അസം തെരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് മുന്‍ ചീഫ് ജസ്റ്റിസ് തന്നെ രംഗത്തെത്തിയത്

News Desk

News Desk

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷട്രീയക്കാരനല്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്. അസം തെരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് മുന്‍ ചീഫ് ജസ്റ്റിസ് തന്നെ രംഗത്തെത്തിയത്- ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്‌.

‘ഞാനൊരു രാഷ്ട്രീയക്കാരനല്ല, അത്തരമൊരു ആഗ്രഹമോ, ഉദ്ദേശ്യമോ ഇല്ല. ഇങ്ങനെയൊരു സാധ്യതയെപ്പറ്റി ആരും എന്നോട് പറഞ്ഞിട്ടുമില്ല’– ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഈ വർഷം ആദ്യം രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു.

‘രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത അംഗമായി എത്തുന്നതും ഒരു രാഷ്ട്രീയ പ്രതിനിധിയായി എത്തുന്നതും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് മനസിലാകാത്തത് ദൗർഭാഗ്യകരമാണ്. രാജ്യസഭാംഗത്വം ബോധപൂർവം തിരഞ്ഞെടുത്തതാണ്. എെൻറ സ്വാതന്ത്ര്യം നിലനിർത്തികൊണ്ടുതന്നെ താൽപര്യമുള്ള വിഷയങ്ങളിൽ എെൻറ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാൻ ഒരിടം കിട്ടും.’ – രഞ്ജൻ ഗൊഗോയ് പറഞ്ഞു. ‌

രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ പരിഗണന പട്ടികയിലുണ്ടെന്നും വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നുമായിരുന്നു മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ തരുണ്‍ ഗൊഗൊയിയുടെ പ്രസ്താവന തള്ളി ബിജെപി തന്നെ രംഗത്തെത്തിയിരുന്നു. തരുണ്‍ ഗൊഗൊയിയുടെ പ്രസ്താവന പരിഹാസ്യമാണെന്നും അര്‍ഥശൂന്യമായ ആളുകളുടെ ജല്‍പനമായി മാത്രമേ അദ്ദേഹത്തിന്‍റെ പ്രസ്താവനയെ കാണുന്നുള്ളു എന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജ്‌നീത് കുമാര്‍ ദാസിന്‍റെ പ്രതികരണം.

Anweshanam
www.anweshanam.com