സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണില്ല; അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം
ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണില്ല; അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വീഡിയോ കോൺഫറൻസ് വഴി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ അപ്രായോഗികമാണെന്ന വിലയിരുത്തലിലേക്ക് എത്തിയത്. സർവ്വകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനം. സമ്പൂർണ്ണ അടച്ചിടൽ ജനജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുമെന്ന അഭിപ്രായങ്ങൾ ശരിയാണെന്നാണ് സർക്കാറിന്‍റെയും നിലപാട്.

രോഗവ്യാപനതോത് കൂടിയ പ്രദേശങ്ങളിൽ, ഒരു എക്സിറ്റ് ഒരു എൻട്രി പോയിൻറുകൾ എന്ന നടപടി തുടരും. കടകൾ തുറക്കുന്ന സമയത്തിലടക്കം ജില്ലാതലത്തിൽ തീരുമാനമെടുക്കാം. ഓരോ പ്രദേശങ്ങളുടേയും പൊതുസാഹചര്യം പരിഗണിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കളക്ടറും ചേർന്നുള്ള ജില്ലാതല സമിതി ഇക്കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കും.

നിലവിലുള്ള ക്ലസ്റ്ററുകൾക്ക് പുറത്തും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് കാബിനറ്റ് വിലയിരുത്തല്‍. പരിശോധനകൂട്ടാനും ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ കൂടുതൽ തുടങ്ങാനും ധാരണയായിട്ടുണ്ട്. നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാൽ ധനകാര്യബിൽ പാസ്സാക്കാൻ സമയം നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭാ യോഗം തീരമാനിച്ചു.

Related Stories

Anweshanam
www.anweshanam.com