പൊതുസ്ഥലങ്ങളിലെ സമരം: പൗരത്വഭേ​​ദ​ഗതിക്കെതിരായ ഷഹീന്‍ബാ​ഗിലെ സമരത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

പൊതുനിരത്തുകള്‍ കയ്യടക്കിയുള്ള സമരങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി
പൊതുസ്ഥലങ്ങളിലെ സമരം: പൗരത്വഭേ​​ദ​ഗതിക്കെതിരായ ഷഹീന്‍ബാ​ഗിലെ സമരത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വഭേ​​ദ​ഗതിക്കെതിരായ ഷഹീന്‍ബാ​ഗിലെ സമരത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി. ഒരു വ്യക്തിക്കോ സംഘത്തിനോ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി പൊതുനിരത്തുകള്‍ അനിശ്ചിതകാലത്തേക്ക് കയ്യടിക്കിവെക്കാനാകില്ലെന്ന് സുപ്രീംകോടതി ഇന്ന് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലെ ഡൽഹി - നോയിഡ പാതയിലെ പ്രധാന റോഡ് അടച്ച് കൊണ്ട് നടന്ന സമരവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട വിവിധ ഹർജികളിലാണ് സുപ്രീം കോടതി വിമർശനം.

ജനാധിപത്യത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പ്രതിഷേധങ്ങള്‍ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടത്. പൊതുനിരത്തുകള്‍ കയ്യടക്കിയുള്ള സമരങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

പൊതുനിരത്തുകള്‍ കയ്യേറിയുള്ള സമരങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച്‌ സമരങ്ങള്‍ പാടില്ല. പൊതുനിരത്തുകള്‍ കയ്യേറിയുള്ള സമരങ്ങള്‍ ഒഴിപ്പിക്കാന്‍ പലപ്പോഴും കോടതിക്ക് ഇടപെടേണ്ടിവരുന്നതായും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

'പ്രതിഷേധങ്ങളുടെ ഭാഗമായി പൊതു സ്ഥലങ്ങൾ കയ്യടക്കുന്നത് വലിയൊരു വിഭാഗം ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കലാണ്. ഇത് നിയമ പ്രകാരം അംഗീകരിക്കാനാവില്ല' - ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് കൃഷണ മുരാരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.

സമാധാനപരമായ സമരങ്ങൾ ജനങ്ങളുടെ അവകാശമാണെന്നും അത് അംഗീകരിക്കപ്പെടണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാൽ കോളനി കാലത്ത് സ്വാതന്ത്ര്യത്തിനായി നടത്തിയ പ്രക്ഷോഭങ്ങളുടെ രീതി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നത്. നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു ഷഹീൻ ബാഗിൽ സമരം നടന്നിരുന്നത്. ജിഡി ബിർള റോഡ് ഉപരോധിച്ചായിരുന്നു ദിവസങ്ങൾ നീണ്ട സമരം. പിന്നീട് കൊറോണ വ്യാപനത്തെ തുടർന്നാണ് സമരം നിർത്തിവെച്ചത്.

നേരത്തെ ഷഹീന്‍ബാ​ഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‌‍ ഹര്‍ജി എത്തിയത്. പിന്നീട് മാര്‍ച്ച്‌ മാസത്തില്‍ ഷഹീന്‍ബാ​ഗിലെ സമരം ഒഴിപ്പിച്ചിരുന്നു. അതിനു ശേഷവും ഈ ഹര്‍ജി സുപ്രീംകോടതിയില്‍ തന്നെ തുടര്‍ന്നു. ഈ കേസിന് ഇപ്പോള്‍ പ്രസക്തി ഇല്ലെങ്കിലും കേസില്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തിന് പ്രസക്തിയുണ്ട് എന്ന് ചൂണ്ടിക്കാണിച്ച്‌ അന്തിമവാദം കേള്‍ക്കുകയായിരുന്നു. അതിനു ശേഷമാണ് കേസില്‍ ഇന്ന് വിധി പറഞ്ഞിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com