ലോക്ക്ഡൗൺ ഇപ്പോൾ ആലോചിക്കുന്നില്ല; നിയന്ത്രണങ്ങൾ കർശനമാക്കും: മുഖ്യമന്ത്രി

രോഗികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുൻ​ഗണന നൽകും

ലോക്ക്ഡൗൺ ഇപ്പോൾ ആലോചിക്കുന്നില്ല; നിയന്ത്രണങ്ങൾ കർശനമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിയന്ത്രണം കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൌൺ ഇപ്പോൾ ആലോചിക്കുന്നില്ല. രാത്രി 7.30ന് കടകൾ അടക്കണമെന്നും എന്നാൽ ചിലയിടങ്ങളിൽ ഇളവ് വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ല. സംസ്ഥാനത്തിന് ആവശ്യം 74.25 മെട്രിക് ടണ്‍ ഓക്‌സിജനാണ്. ഉത്പാദനം 219.22 മെട്രിക് ടണ്‍ ആണ്. ഐസിയു കിടക്കകളും വെന്റിലേറ്ററുകളും വേണ്ടത്രയുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ 'ക്രഷ് ദി കര്‍വ്' നയമാണ് സ്വീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് തിരിച്ചു പോകണം. ആള്‍ക്കൂട്ടങ്ങള്‍, അടഞ്ഞ സ്ഥലലങ്ങളിലെ ഒത്തു ചേരലുകള്‍, അടുത്തിടപഴകലുകള്‍ എന്നിവ ഒഴിവാക്കണം. പരമാവധി ആളുകളിലേക്ക് ഏറ്റവും വേഗത്തില്‍ വാക്‌സിനേഷന്‍ ഉറപ്പാക്കുക എന്നതാണ് 'ക്രഷ് ദി കര്‍വ്' കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

രോഗികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുൻ​ഗണന നൽകും. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും ഉണ്ടാകും. സിഎഫ്എൽടിസി ഇല്ലാത്ത താലൂക്കുകളിൽ ഉടനെ സിഎഫ്എൽടിസികൾ സജ്ജമാക്കും. രോ​ഗികളുടെ വർദ്ധനവിനനുസരിച്ച് കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

35 ശതമാനത്തിൽ കൂടുതൽ കൊവി‍ഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ‌ നടത്തും. കോവിഡ‍് ആശുപത്രികൾ നിരീക്ഷിക്കാൻ സംസ്ഥാന തലത്തിൽ ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കും. ഇതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഓരോ ദിവസവും സ്ഥിതി​ഗതികൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് നി‍ർദ്ദേശിച്ചു.

ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്ന സാ​ഹചര്യമുണ്ട്. മെയ് ഒന്നിന് ശേഷം 18 വയസ്സ് കഴിഞ്ഞവർക്കുള്ള കവാക്സിൻ കൂടി ലഭ്യമാകുന്നതിനാൽ വലിയ തിക്കും തിരക്കും ഉണ്ടാകാനിടയുണ്ട്. പ്രയാസമില്ലാതെ ആളുകൾക്ക് വാക്സിൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കാൻ തീരുമാനിച്ചു. എല്ലാ സ്ഥലങ്ങളിലും ഓൺലൈൻ ബുക്കിം​ഗ് സൗകര്യം ഉണ്ടാകണം. ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവ‍ർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യം.

കൊവിഡ് ബോധവൽക്കരണം ശക്തിപ്പെടുത്താൻ ക്യാംപയിനുകൾ നടുത്തും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണ്. പുതിയ നേതൃത്വങ്ങൾക്ക് ഇതിനുള്ള പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ കഴിയുന്ന രോ​ഗികൾക്ക് നേരത്തേ നൽകിയതിന് സമാനമായ സഹായങ്ങൾ എത്തിക്കുന്നതിൽ ഫലപ്രധമായി ഇടപെടാൻ തദ്ദേശസ്ഥാപനങ്ങങൾക്ക് കഴിയും. വാർഡ് തല സമിതി രൂപീകരിക്കണമെന്നും അതിന്റെ ചുമതല വാർഡിൽ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ല ജനപ്രതിനിധി ആയിരിക്കും. സാഹചര്യം മനസ്സിലാക്കി ഇടപെടാൻ ത​​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com