
തിരുവനന്തപുരം: വ്യാജ വോട്ട് സംഭവത്തില്‍ ഡാറ്റ ചോര്‍ത്തിയെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടേഴ്സ് ഐ.ഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് വെബ്സൈറ്റില്‍ ശേഖരിച്ച, ആര്‍ക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷന് ട്വിന്സില് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
'തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഡാറ്റ ചോര്‍ച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചര്‍ച്ചക്ക് കൊണ്ടുവന്നതിന് സി.പി.എമ്മിനെ നന്ദി അറിയിക്കുന്നു. സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നയമായിരുന്ന ഡാറ്റ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാറിന് വേണ്ടി ഘോരഘോരം വാദിച്ചവര്‍ ഇപ്പോള്‍ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഏതെല്ലാമാണ് സെന്സിറ്റിവ് സ്വകാര്യ ഡാറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സി.പി.എമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കു പോലും അറിയാത്തത് കഷ്ടമാണ്.
സര്‍ക്കാറിന്റെ തട്ടിപ്പുകള്‍ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളെ ഇപ്പോള്‍ കാണുന്നതില്‍ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പു പട്ടികയിലെ വ്യാജ വോട്ടുകളും ഇരട്ടവോട്ടുകളും യു.ഡി.എഫ് കണ്ടെത്തിയത് ദീര്‍ഘമായ പ്രയത്നത്തിനൊടുവിലാണ്. തെരഞ്ഞെടുപ്പ് കമീഷന് പ്രസിദ്ധീകരിച്ച, ഇന്റനെറ്റില്‍ ലഭ്യമായ, ലോകത്തിന്റെ എവിടെ നിന്നും ആര്‍ക്കും പ്രാപ്യമായ വിവരങ്ങള്‍ എടുത്ത് വിവരങ്ങള്‍ അപഗ്രഥനം നടത്തുക മാത്രമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചെയ്തത്. ഇത് വിവര സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേള്‍ക്കുന്നത് കൗതുകകരമമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.