വൈറ്റില പാലം തുറന്ന കേസ്: മൂന്ന് പേർക്ക് ജാമ്യം; നിപുണ്‍ ചെറിയാന് ജാമ്യമില്ല

വി 4 കൊച്ചി സ്ഥാപകനേതാക്കളായ ആഞ്ചലോസ്, റാഫേല്‍, പ്രവര്‍ത്തകന്‍ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്
വൈറ്റില പാലം തുറന്ന കേസ്: മൂന്ന് പേർക്ക് ജാമ്യം; നിപുണ്‍ ചെറിയാന് ജാമ്യമില്ല

കൊച്ചി: വൈറ്റില പാലം തുറന്നുകൊടുത്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. വീ ഫോര്‍ കൊച്ചി കാംപയ്ന്‍ കോഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന് ജാമ്യമില്ല. ജാമ്യാപേക്ഷ അടുത്ത ദിവസം വീണ്ടും പരിഗണിക്കും.

വി 4 കൊച്ചി സ്ഥാപകനേതാക്കളായ ആഞ്ചലോസ്, റാഫേല്‍, പ്രവര്‍ത്തകന്‍ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യവും ഒരാള്‍ക്ക് 25,000 രൂപ വീതവും കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ ഷക്കീര്‍ അലി, ആന്റണി ആല്‍വിന്‍, സാജന്‍ അസീസ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

തേവരയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് നിപുൺ ചെറിയാൻ വീണ്ടും മറ്റൊരു കുറ്റം ആവർത്തിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന വാദം. കഴിഞ്ഞ ഡിസംബർ 31ന് പാലം തുറന്ന് കൊടുക്കുന്നുവെന്ന ആഹ്വാനം വഴി വി ഫോർ കേരള ക്യാംപെയ്ൻ കൺട്രോളറായ നിപുൺ ചെറിയാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംഘം ചേരാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. നിലവിലെ കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും സമാന കുറ്റം ചെയ്തെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി.

നിപുണ്‍ ചെറിയാന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വി 4 കൊച്ചി ഭാരവാഹികള്‍ അറിയിച്ചു. സംഭത്തില്‍ വി ഫോര്‍ കൊച്ചിയ്ക്ക് പങ്കില്ലെന്നും തങ്ങളുടെ പ്രവര്‍ത്തകരെ പോലീസ് മനഃപൂര്‍വം വേട്ടയാടുകയാണെന്നും വി 4 കൊച്ചി നേതാവ് വിജേഷ് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് നാളെ സംഘടന പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും വിജേഷ് കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാത്രിയാണ് നിര്‍മാണം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകള്‍ തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ടത്. തുടര്‍ന്ന്, സംഭവത്തിനു പിന്നില്‍ വി 4 കൊച്ചിയാണെന്ന് ആരോപിച്ച് നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 31ന് വി 4 കൊച്ചി പാലത്തിലേക്ക് പദയാത്ര നടത്തിയിരുന്നു.

അതേസമയം, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളെ ചൊല്ലിയുള്ള വിവാദത്തിന് പിന്നില്‍ കൊച്ചിയിലെ പ്രഫഷനല്‍ ക്രിമിനലിസമെന്ന് സര്‍ക്കാര്‍. മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം വൈകിയിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ചാണ് തീയതി നിശ്ചയിച്ചത്. പാലത്തിലെ ലൈറ്റിങ്ങിനുള്ള അനുമതിയും കണക്ഷന്‍ നല്‍കലും അന്തിമഘട്ടത്തിലാണ്. പാലത്തിന് താഴെ കൂടിയുള്ള ഗതാഗതസംവിധാനം ചിട്ടപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com