നിയമസഭ കയ്യാങ്കളി കേസില്‍ വിധി ഇന്ന്

മന്ത്രിമാരായ ഇപി ജയരാജനും ജലീലും ഉള്‍പ്പെടെ ആറുപ്രതികള്‍.
നിയമസഭ കയ്യാങ്കളി കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്ന് വിധി. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം ചീഫ് ജൂഡിഷ്യല്‍ മജിസട്രേറ്റ് കോടതി വിധി പ്രസ്താവിക്കുക.

മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍ എന്നിവരുള്‍പ്പടെ ആറുപേരാണ് കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയതിനു പിന്നാലെ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ തടസ്സ ഹര്‍ജി നല്‍കി. ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് കേസില്‍ വിധി പറയുന്നത്.

2015 ല്‍ കെഎം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിലാണ് സഭയില്‍ കയ്യാങ്കളിയും സംഘര്‍ഷവും അരങ്ങേറിയത്. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധം.

Related Stories

Anweshanam
www.anweshanam.com