അടിച്ചും തിരിച്ചടിച്ചും അവിശ്വാസ പ്രമേയം; നിയമസഭ സമ്മേളനം പുരോഗമിക്കുന്നു
Top News

അടിച്ചും തിരിച്ചടിച്ചും അവിശ്വാസ പ്രമേയം; നിയമസഭ സമ്മേളനം പുരോഗമിക്കുന്നു

സംസ്ഥാനത്ത് നടക്കുന്നത് അവതാരങ്ങളുടെ ഭരണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ചതു പോലെയെന്നാണ് എസ് ശര്‍മ്മ

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം പുരോഗമിക്കുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം വി ഡി സതീശൻ എംഎൽഎ അവതരിപ്പിച്ചു. സർക്കാരിനെതിരെ കടുത്ത വിമർശനവുമായാണ് അവിശ്വാസ പ്രമേയ അവതരണം നടന്നത്. പിന്നീട് പ്രതിപക്ഷ നേതാക്കളും അവിശ്വാസ പ്രമേയത്തിൽ മറുപടികൾ നൽകി. പരസ്‌പരം ആരോപണം ഉന്നയിച്ചും ന്യായീകരിച്ചും സമ്മേളനം പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് നടക്കുന്നത് അവതാരങ്ങളുടെ ഭരണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയിൽ പറഞ്ഞു. സ്വപ്‌ന സുരേഷ്, റെഡി പിള്ള, പ്രതാപ മോഹന്‍ നായര്‍, റെജി ലൂക്കോസ് തുടങ്ങിയ അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ പ്രതിനിധികള്‍ അപഹസിക്കുകയാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

എന്നാല്‍ വിഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ചതു പോലെയെന്നാണ് ഭരണപക്ഷത്തിന് വേണ്ടി സംസാരിച്ച എസ് ശര്‍മ്മ വിശേഷിപ്പിച്ചത്. പാര്‍ട്ടിപരമായോ മുന്നണി പരമായോ ഇത്തരമൊരു പ്രമേയം അവതരിപ്പിക്കാന്‍ ധാര്‍മ്മികമായ യുഡിഎഫിന് കഴിയില്ല. സ്വര്‍ണക്കടത്തില്‍ ബിജെപി ആരോപണങ്ങള്‍ കോണ്‍ഗ്രസ് അതേപടി ഏറ്റുപാടുകയാണെന്നും ശര്‍മ്മ തിരിച്ചടിച്ചു.

സ്പീക്കറെ പ്രതിക്കൂട്ടിലാക്കിയാണ് മുസ്‌ലിം ലീഗിലെ കെ.എം ഷാജിയുടെ പ്രസംഗം. മന്ത്രി കെടി ജലീല്‍ ആത്മീയ കള്ളക്കടത്ത് നടത്തിയെന്നു പറഞ്ഞ ഷാജി കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പിക്കേണ്ടെന്നും പറഞ്ഞു. ഖുറാന്‍ തിരിച്ചുകൊടുത്താലും സ്വര്‍ണം തിരിച്ചുകൊടുക്കില്ലെന്നാണ് ജലീല്‍ പറയുന്നതെന്നും ഷാജി പരിഹസിച്ചു.

ലൈഫ് മിഷന്റെ നേട്ടത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാതെ വടക്കാഞ്ചേരിയിലെ ഒരു പദ്ധതിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നാണ് സിപിഐയിലെ മുല്ലക്കര രത്‌നാകരന്റെ വാദം. എല്ലാ മത്സരത്തിലും തോൽക്കുന്നവരാണ് പ്രതിപക്ഷമെന്നും അദ്ദേഹം പരിഹസിച്ചു.

അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ച തുടരുകയാണ്.

Anweshanam
www.anweshanam.com