സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമെന്ന്‍ സരിത്തിന്‍റെ മൊഴി; ശിവശങ്കറിനെ എൻഐഎവീണ്ടും ചോദ്യം ചെയ്യും
Top News

സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമെന്ന്‍ സരിത്തിന്‍റെ മൊഴി; ശിവശങ്കറിനെ എൻഐഎവീണ്ടും ചോദ്യം ചെയ്യും

സർക്കാർ സംവിധാനങ്ങള്‍ പ്രതികൾ ദുരുപയോഗപ്പെടുത്തി എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉടന്‍ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ തീരുമാനം

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് അറിയാമായിരുന്നതായി മുഖ്യപ്രതി സരിത് എന്‍ഐഎക്ക് മൊഴി നല്‍കി. വസ്തുത പരിശോധിക്കാന്‍ എന്‍ഐഎ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെ ഔദ്യോഗിക വാഹനവും സ്വർണക്കടത്തിന് ഉപയോഗിച്ചു. അറ്റാഷെയുടെ കത്ത് സ്വപ്നയുമായി ചേര്‍ന്ന് വ്യാജമായി നിര്‍മിച്ചതാണെന്നും സരിതിന്‍റെ മൊഴിയിലുണ്ട്.

സർക്കാർ സംവിധാനങ്ങളെ ഈ വിധം പ്രതികൾ ദുരുപയോഗപ്പെടുത്തി എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉടന്‍ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ തീരുമാനം. ഇതിനിടെ റാക്കറ്റിലെ യുഎഇയിലെ സുപ്രധാന കണ്ണിയായ ഫൈസല്‍ ഫാരിദിനെ പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്‍റര്‍പോളിൻ്റെ സഹായം തേടി. ഇയാളെ വിട്ടുകിട്ടാന്‍ വിദേശകാര്യമന്ത്രാലയം നടപടി തുടങ്ങിയതോടെ ഫൈസൽ ഒളിവില്‍ പോയെന്നാണ് വിവരം.

ഇയാളെ കണ്ടത്തുന്നതിന് ബ്ലൂ കോര്‍ണര്‍നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കള്ളക്കടത്തു ശൃംഖലയുമായി ബന്ധമുള്ള ജ്വല്ലറികള്‍ക്കെതിരെയുള്ള നടപടികളും പുരോഗമിക്കുകയാണ്. റാക്കറ്റിനെ ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയതിന് കോഴിക്കോട്ടെ ഹെസ ഗോള്‍ഡ് ആന്ഡറ് ഡയമണ്ടസ് പാര്‍ട്ണര്‍ മുഹമ്മദ് അബ്ദുൾ ഷമീമിനെയും കൂട്ടാളി ജിഫ്സലിനെയും അറസ്റ്റ് ചെയ്തു.

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. സ്വപ്നയെയും സന്ദീപിനെയും വെവ്വേറെ വാഹനങ്ങളിലായാണ് കൊണ്ടുപോയത്. തിരുവനന്തപുരത്തെ മൂന്നു ഫ്ലാറ്റുകളില്‍ ആദ്യം എത്തിച്ചു. ഇരുവരെയും വാഹനത്തില്‍ നിന്നിറക്കാതെയായിരുന്നു തെളിവെടുപ്പ്. അരുവിക്കരയിലെ വീട്ടിലെത്തിച്ചപ്പോൾ സന്ദീപ് നായരെ പുറത്തിറക്കി തെളിവെടുത്തു. അമ്പലമുക്കിലെ ഫ്ലാറ്റിലെത്തിച്ചപ്പോള്‍ സ്വപ്നയെയും ഫ്ലാറ്റിനുള്ളിലേക്ക് കൊണ്ടുപോയാണ് തെളിവെടുത്തത്.

ഇന്നലെ കസ്റ്റഡിയിലെടുത്ത കോഴിക്കോട് കൊടുവള്ളി പാറമ്മൽ സ്വദേശി കെ.വി.മുഹമ്മദ് അബ്ദു ഷമീമിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. സ്വർണക്കടത്തു കേസിൽ കുടുതൽ തെളിവുകൾ തേടിയാണ് കസ്റ്റംസിന്റെ പരിശോധന. ഷമീമിന്റെ ഉടമസ്ഥതയിൽ കോഴിക്കോട് അരക്കിണറിൽ പ്രവർത്തിക്കുന്ന ഹെസ ജ്വല്ലറിയിൽ ഇന്നലെ പരിശോധന നടന്നിരുന്നു. രേഖകളില്ലാതെ ഇവിടെ വിൽപനയ്ക്കു വച്ച 1.70 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കോഴിക്കോട് ,മലപ്പുറം മേഖലകളില്‍ കൂടുതല്‍ ജ്വല്ലറികള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്.

Anweshanam
www.anweshanam.com