സ്വര്‍ണക്കള്ളക്കടത്ത് കേസിലെ എന്‍ഐഎ കുറ്റപത്രം പുറത്ത്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂടുതൽ തെളിവില്ല

20 പ്രതികള്‍ക്കെതിരായ 28 പേജ് കുറ്റപത്രത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ എന്‍ഐഎ കുറ്റപത്രം പുറത്ത്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂടുതൽ തെളിവില്ല

കൊച്ചി: സ്വര്‍ണക്കള്ളക്കടത്തില്‍ എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പുറത്തുവന്നു. 20 പ്രതികള്‍ക്കെതിരായ 28 പേജ് കുറ്റപത്രത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ നിന്നുമുള്ള പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായോ തീവ്രവാദ പ്രവര്‍ത്തനം നടന്നതായോ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്നും അത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

സരിത്തും സന്ദീപും കെ.ടി.റമീസും കൂടിയാണ് സ്വര്‍ണക്കള്ളക്കടത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് സ്വപ്‌ന സുരേഷും ഇതില്‍ പങ്കാളിയായി. തുടര്‍ന്ന് വലിയൊരു സംഘം തന്നെ ഇതിന് പിന്നില്‍ രൂപപ്പെട്ടു. സ്വര്‍ണക്കടത്തിനായി തീവ്രവാദ സംഘത്തെ രൂപപ്പെടുത്തി. സ്വര്‍ണക്കടത്തിനുള്ള പണം ഹവാലയായി യു.എ.ഇ.യിലെത്തിച്ചു. വ്യാജരേഖ ഉണ്ടാക്കിയാണ് സ്വര്‍ണം കടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്തിന് തീവ്രവാദ സംഘടനയുമായി നേരിട്ട് ബന്ധമുള്ളതായോ പണം ഏതെങ്കിലും സംഘടനയ്ക്ക് കൈമാറിയതായോ തെളിവില്ല. സാമ്പത്തിക കുറ്റകൃത്യമാണ് നടന്നത്. അതിനാല്‍ യുഎപിഎ സെക്ഷന്‍ 15 എ പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിക്കൊണ്ടാണ് ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. സ്വര്‍ണം ഇറക്കുമതി ചെയ്തതോടെ വലിയ തോതില്‍ പണം നേടുകയും അതിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രതികള്‍ നടത്തിയെന്ന് മനസിലാക്കിയതായും എന്‍ഐഎ വാദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ഏജന്‍സി അന്ന് പറഞ്ഞു. ഇത്തരത്തില്‍ അന്വേഷണം നടത്തുന്നതിന് വിവിധ കാരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറുമായി ബന്ധപ്പെട്ട് ഒരു വിവരവും ആദ്യ കുറ്റപത്രത്തിലില്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com