നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: പൊലീസുകാരനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി കളക്ടര്‍

കളക്ടറുടെ വാക്കുകള്‍ തങ്ങള്‍ വിശ്വസിക്കുന്നതായും അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മരണപ്പെട്ട ദമ്പതികളുടെ മക്കള്‍ ആവശ്യപ്പെട്ടു
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: പൊലീസുകാരനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി കളക്ടര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി എടുക്കുമെന്ന് കളക്ടര്‍. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറുടെ വാക്കുകള്‍ തങ്ങള്‍ വിശ്വസിക്കുന്നതായും അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മരണപ്പെട്ട ദമ്ബതികളുടെ മക്കള്‍ ആവശ്യപ്പെട്ടു.

പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരിച്ച അമ്പിളിയുടെ മൃതദേഹം രണ്ട് മണിക്കൂറോളം വഴിയില്‍ തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ സംഭവത്തില്‍ ഇടപെട്ടത്. ഇതിനിടെ രാജനെതിരെ പരാതി നൽകിയ വസന്തയെ പൊലീസ് മറ്റൊരിടത്തേക്ക് മാറ്റി.

ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ സാഹചര്യത്തിന് അനുസരിച്ച്‌ പെരുമാറാത്ത പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെ കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കാണ് ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

രാജൻ ഭൂമി കയ്യേറിയെന്ന അയൽവാസിയായ വസന്തയുടെ ഹ‍ർജിയിൽ ഈ മാസം 22ന് ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവ്. രാജനെ ഒഴിപ്പിക്കാൻ പൊലീസും കോടതി ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. രാജൻ ഭാര്യയുമൊത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ പൊലീസ് കൈതട്ടിമാറ്റിയതോടെയാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജനും ഭാര്യ അമ്പിളിയും ഇന്നലെയാണ് മരിച്ചത്. രാജന്‍റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com