
തിരുവനന്തപുരം: കാലം ഏറെ മാറിയെങ്കിലും കേരള പൊലീസിലെ ചിലരെല്ലാം ഇപ്പോഴും പഴയ ബ്രിട്ടീഷ് സായിപ്പിന്റെ സ്വഭാവം മാറാൻ തയ്യാറായിട്ടില്ല എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. വീട്ടിൽ കയറി ആക്രമിച്ച് കൊലപാതക ഭീഷണി മുഴക്കിയ ആൾക്കെതിരെ പരാതി നൽകാൻ എത്തിയ അച്ഛനെയും മകളെയും ഇറക്കി വിടുകയും അസഭ്യം പറയുകയും ചെയ്യുന്ന കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ നിന്നുള്ളതാണ് ദൃശ്യം.
"പരാതി കേൾക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല. നിന്റെ അച്ഛൻ മദ്യപിച്ചിട്ടുണ്ട്. നിന്റെ അച്ഛൻ വരുമ്പോൾ ഊതിക്കാൻ ഞാൻ സാധനവും കൊണ്ട് ഇരിക്കാം. പൊലീസ് സ്റ്റേഷൻ ഇങ്ങനെ തന്നെയാണ്. പരാതി നോക്കാൻ മനസില്ല. ഞങ്ങൾ അനാവശ്യം പറയും. നീ വേറെ പോലീസ് സ്റ്റേഷനിൽ പോടെയ്. ഭീഷണിപ്പെടുത്തും. അടിക്കാൻ വരും. ഇങ്ങനെയേ പറ്റൂ" - ദൃശ്യത്തിൽ കാണുന്ന യൂണിഫോം ധരിക്കാത്ത പോലീസുകാരൻ അച്ഛനോടും മകളോടും പറയുന്നു. ഇത് കണ്ട് മറ്റു പോലീസുകാരും കൂടെയുണ്ട്.
വീട്ടിൽ കയറി ആക്രമിക്കാൻ വന്ന കാര്യം പൊലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞിട്ടും ആരും വന്നില്ല എന്നും അത് പറയാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവമെന്നും ഇയാൾ പറയുന്നത് വീഡിയോയിൽ നിന്ന് മനസിലാക്കാം. അച്ഛനോടും മകളോടും അങ്ങേയറ്റം ദേഷ്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥൻ സംസാരിക്കുന്നത്. ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
എന്നാൽ പൊലീസ് പറയുന്നത് ഇങ്ങനെയാണ്: രണ്ട് ദിവസം മുൻപാണ് സംഭവം നടക്കുന്നത്. തന്റെ മകളെ കാണാൻ ഇല്ലെന്ന് പറഞ്ഞാണ് പരാതിക്കാരൻ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. പൊലീസ് അന്വേഷിച്ച് ഉടനെ തന്നെ ഇയാളുടെ മകളെയും കൂടെ ഒരു യുവാവിനെയും കണ്ടെത്തുന്നു. പ്രായപൂർത്തിയായ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം അയാളോടൊപ്പം പോയതായിരുന്നു. അത്കൊണ്ട് തന്നെ അച്ഛന്റെ സമ്മതത്തോടെ പെൺകുട്ടിയെ യുവിവിനൊപ്പം പറഞ്ഞയക്കുകയായിരുന്നു. എന്നാൽ ഇയാൾ പെൺകുട്ടി പോയതിന്റെ അരിശം മുഴുവൻ പൊലീസുകാരെ അസഭ്യം പറഞ്ഞ് തീർക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് ഇയാൾക്കെതിരെ സംസാരിച്ചത്.
ഇയാൾ മദ്യപിച്ചിരുന്നെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ ഞാൻ ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. അച്ഛൻ മദ്യപിച്ചിട്ടില്ലെന്ന് ഇയാളുടെ കൂടെയുള്ള മറ്റൊരു മകളും പറയുന്നത് വീഡിയോയിൽ കേൾക്കാം.